രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഒരു സീറ്റ് ലക്ഷ്യമിട്ടിറങ്ങിയ മായാവതിക്ക് തിരിച്ചടി: ബിഎസ്പി എംഎല്‍എയുടെ വോട്ട് ബിജെപിക്ക്

single-img
23 March 2018

ലക്‌നൗ: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ ഒരംഗം കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്തു. ബിഎസ്പിയുടെ അനില്‍ സിങാണ് കൂറുമാറി വോട്ട് ചെയ്തത്. താന്‍ ബിജെപിക്കാണ് വോട്ട് ചെയതതെന്ന് അദ്ദേഹം വോട്ടെടുപ്പിന് ശേഷം പറഞ്ഞു.

കഴിഞ്ഞ ദിവസം അനില്‍ സിങ് യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എസ്.പിയില്‍ നിന്ന് നേരത്തെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന നരേഷ് ചന്ദ്ര അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗവര്‍വാളും ബിജെപിക്കാണ് വോട്ട് ചെയ്തത്. സ്വതന്ത്ര എംഎല്‍എ അമന്‍മണി ത്രിപാദിയും ബിജെപിക്കാണ് വോട്ട് ചെയ്തത്.

യുപിയിലെ പത്ത് രാജ്യസഭാ സീറ്റുകളില്‍ എട്ടെണ്ണത്തില്‍ ബിജെപിയും ഒന്നില്‍ സമാജ് വാദി പാര്‍ട്ടിയും വിജയം ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു സീറ്റില്‍ ബിഎസ്പിയും ബിജെപിയും തമ്മില്‍ കനത്ത മത്സരമാണ് നടക്കുന്നത്. സമാജ് വാദി പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കിയ ശേഷം ബാക്കിയുള്ള വോട്ടുകള്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് ചെയ്യുമെന്ന് അറിയിച്ചിരുന്നു.

മഹാരാഷ്ട്രയിലും ബിഹാറിലും ആറ് വീതം സീറ്റിലേക്കും ബംഗാളിലെ അഞ്ച് സീറ്റിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ബംഗാളില്‍ തൃണമൂല്‍ നാലില്‍ വിജയം ഉറപ്പിച്ചു. ഒരു സീറ്റില്‍ തൃണമൂല്‍ പിന്തുണയോടെ കോണ്‍ഗ്രസിന്റെ അഭിഷേക് സിങ്‌വി രാജ്യസഭയിലെത്തിയേക്കും.

മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ആന്ധ്ര, ഒഡീഷ, തെലങ്കാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പുണ്ട്. കേരളത്തില്‍ എംപി വീരേന്ദ്രകുമാര്‍ രാജിവച്ച ഒഴിവില്‍ ഇടക്കാല തിരഞ്ഞെടുപ്പാണ്. ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചു അതാത് നിയമസഭകളില്‍ നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം വൈകുന്നേരത്തോടെ അറിയാനാകും.