താലിയണിയേണ്ട ദിനത്തില്‍ കണ്ണീരായി ആതിര: മലപ്പുറത്ത് നടന്നത് ദുരഭിമാനക്കൊല

single-img
23 March 2018

Support Evartha to Save Independent journalism

കാമുകനുമായുള്ള താലികെട്ടിന് കാത്തിരിക്കെ വിവാഹത്തലേന്ന് യുവതി കുത്തേറ്റുമരിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. അരീക്കോട് പൂവത്തിക്കണ്ടി സ്വദേശിനി ആതിര (21) കൊല്ലപ്പെട്ട സംഭവത്തില്‍ അച്ഛന്‍ രാജനാണ് അറസ്റ്റിലായത്. രാജന്റെ സമ്മതമില്ലാതെ ആതിര കാമുകനുമായി നടത്തിയ രജിസ്റ്റര്‍ വിവാഹത്തിനു പകരം ക്ഷേത്രത്തില്‍വച്ച് വിവാഹം നടത്താനിരിക്കെയാണു കൊലപാതകം.

സംഭവം ദുരഭിമാന കൊല തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യനായ ആതിര മിലിട്ടറി ഉദ്യോഗസ്ഥനായ ബ്രിഗേഷുമായി പ്രണയത്തിലായിരുന്നു. ഓട്ടോ ഡ്രൈവറായ രാജന്‍ ഈ ബന്ധം അംഗീകരിക്കാതിരുന്നതോടെ ഇവര്‍ രജിസ്റ്റര്‍ വിവാഹം നടത്തി.

രാജന്‍ എതിര്‍പ്പ് തുടര്‍ന്നതോടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ അരീക്കോട് പോലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടന്നു. ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയ രാജന്‍, വിവാഹം ക്ഷേത്രസന്നിധിയില്‍ നന്നായി നടത്തിക്കൊടുക്കാമെന്നു സമ്മതിച്ചു. ആതിര സ്വന്തം വീട്ടിലേക്കു വരികയും ചെയ്തു.

അച്ഛന്‍ ഉപദ്രവിക്കുമെന്ന് ആതിര അന്നേ പറഞ്ഞിരുന്നതായി പറയപ്പെടുന്നു. ഇന്നലെ വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ രാജന്‍ വീട്ടുകാരോടും ബന്ധുക്കളോടും തട്ടിക്കയറുകയും ആതിരയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന ആതിര അയല്‍വീട്ടിലെ മുറിയില്‍ കയറി വാതിലടച്ചു.

പിന്നാലെ ചെന്ന രാജന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയും കഠാര ഉപയോഗിച്ച് മകളെ കുത്തിവീഴ്ത്തുകയുമായിരുന്നു. കുത്തേറ്റു ഗുരുതരാവസ്ഥയിലായ ആതിരയെ ഉടന്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയെ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ അയല്‍വീട്ടില്‍ വീട്ടമ്മയും രണ്ടു മക്കളും മാത്രമാണ് ഉണ്ടായിരുന്നത്.