ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാറിനെ വെട്ടിലാക്കി കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം

single-img
23 March 2018

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരേ കോണ്‍ഗ്രസും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മില്ലാകാര്‍ജുന്‍ ഖാര്‍ഗെയാണ് ലോക്‌സഭ സെക്രട്ടറി ജനറലിന് നോട്ടീസ് നല്‍കിയത്. തെലുങ്കുദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും സര്‍ക്കാരിനെതിരേ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസും സര്‍ക്കാരിനെതിരേ അവിശ്വാസവുമായി രംഗത്തെത്തിയത്.

മാര്‍ച്ച് 27നുള്ള ലോക്‌സഭ നടപടി ക്രമങ്ങളില്‍ അവിശ്വാസ പ്രമേയം കൂടി ഉള്‍പ്പെടുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ആന്ധ്രയ്ക്കു പ്രത്യേക പദവി നിഷേധിച്ചതിനു പിന്നാലെയാണ് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെതിരേ തിരിഞ്ഞത്.

ടിഡിപിയുടെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രമേയത്തിന് അവതരണാനുമതി ലഭിക്കണമെങ്കില്‍ 50 അംഗങ്ങളുടെ പിന്തുണ വേണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

എന്നാല്‍ സഭാനടപടികള്‍ ക്രമപ്രകാരമല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഇതുവരെ നോട്ടീസ് പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.