ഐഎന്‍എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിന് ജാമ്യം

single-img
23 March 2018

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന് കോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹി ഹൈക്കോടതിയാണ് 10 ലക്ഷത്തിന്റെ ബോണ്ടില്‍ കാര്‍ത്തിക്ക് ജാമ്യം നല്‍കിയത്. രാജ്യത്തിന് പുറത്തു പോകാനോ, ബാങ്ക് അക്കൗണ്ടുകള്‍ ക്‌ളോസ് ചെയ്യാനോ, സാക്ഷികളെ സ്വീധീനിക്കാനോ പാടില്ല തുടങ്ങിയ പ്രധാന നിര്‍ദ്ദേശങ്ങളോടെയാണ് ജാമ്യം അനുവദിച്ചത്.

പി.ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന 2007ല്‍ ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമസ്ഥാപനം വിദേശത്തുനിന്നു 305 കോടിരൂപ നിക്ഷേപം സ്വീകരിച്ചതില്‍ വിദേശനിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ (എഫ്‌ഐപിബി) ചട്ടങ്ങള്‍ ലംഘിച്ചെന്നാണു കേസ്. ഇക്കാര്യത്തില്‍ കാര്‍ത്തി വഴിവിട്ടു സഹായിച്ചെന്നും കമ്മിഷന്‍ വാങ്ങിയെന്നുമാണ് ആരോപണം.

ഐഎന്‍എക്‌സ് മീഡിയ ഉടമസ്ഥരായിരുന്ന പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി എന്നിവര്‍ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ ജയിലിലാണ്. കഴിഞ്ഞ വര്‍ഷം മേയ് 15നു സിബിഐ റജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഫെബ്രുവരി 28ന് അറസ്റ്റ് നടന്നത്.

ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷണല്‍ ബോര്‍ഡിന്റെ അനുമതിക്കായി ഏഴു കോടി ഡോളര്‍ കാര്‍ത്തി ചിദംബരത്തിനു നല്‍കിയെന്ന് ഇന്ദ്രാണി മുഖര്‍ജി മൊഴി നല്‍കിയിരുന്നു. സിബിഐയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇന്ദ്രാണി മൊഴി നല്‍കിയതെന്നാണു പ്രതിഭാഗത്തിന്റെ വാദം.

വിദേശ നിക്ഷേപത്തിനുള്ള അനുമതിക്കായി 2007ല്‍ മന്ത്രി പി. ചിദംബരത്തെ കണ്ട ഇന്ദ്രാണി മുഖര്‍ജിയോടും പീറ്റര്‍ മുഖര്‍ജിയോടും മകനെ സഹായിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടെന്നും സിബിഐ വാദിക്കുന്നു.