എലിയെ ചൊല്ലി ബിജെപിക്കുള്ളിൽ തർക്കം;മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസിനെതിരെ ബിജെപി എംഎല്‍എ രംഗത്ത്

single-img
23 March 2018

മഹാരാഷ്ട്ര സെക്രട്ടറിയേറ്റില്‍ എലികളെ കൊന്നതില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ഏക്‌നാഥ് ഖഡ്‌സെ രംഗത്ത്. എലികളെ കൊല്ലാന്‍ സ്വകാര്യ കമ്പനിക്ക് സർക്കാർ കരാർ നൽകിയിരുന്നു. കരാര്‍ നല്‍കിയത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കീഴിലുള്ള പൊതുഭരണ വകുപ്പാണ്. ഏഴ് ദിവസത്തിനുള്ളില്‍ 3,19,400 എലികളെ കൊന്നതായാണ് കമ്പനിയുടെ അവകാശവാദമെന്ന് പറഞ്ഞ ഖഡ്സെ, എന്നാല്‍ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് നിയമസഭയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

3,19,400 എലികളെ ഒരാഴ്ചകൊണ്ട് കൊന്ന് തീര്‍ത്തെന്ന കരാറുകാരുടെ വാദമനുസരിച്ച് ദിനം പ്രതി ശരാശരി 45,628 എലികളേയും മിനിറ്റില്‍ 31 എലികളേയും വീതം കൊന്നിട്ടുണ്ടാകണം. സെക്രട്ടറിയേറ്റില്‍ നിന്ന് ദിവസം 9,125.71 കിലോയോളം തൂക്കം വരുന്ന ചത്ത എലികളെ പുറത്തെത്തിക്കുകയും വേണ്ടതാണ്. എന്നാല്‍ ഈ എലികളെയെല്ലാം ഇവര്‍ എവിടെ തള്ളിയെന്നോ എപ്പോള്‍ കൊണ്ടുപോയെന്നോ ആര്‍ക്കും അറിയില്ലെന്നും ഖഡ്സെ പറഞ്ഞു.

എന്തുകൊണ്ട് 10 പൂച്ചകളെ, എലികളെ പിടിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നിയോഗിച്ചില്ല എന്ന് ഏക്‌നാഥ് ഖഡ്‌സെ ചോദിച്ചു. ഒരു പൈസയും ചിലവാക്കാതെ കാര്യം സാധിക്കാമായിരുന്നു. കമ്പനിയെക്കുറിച്ചും കരാറിനെക്കുറിച്ചും സര്‍ക്കാര്‍ പരിശോധനയും അന്വേഷണവും നടത്തുമെന്നാണ് പൊതുഭരണ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രി മദന്‍ യെരാവര്‍, ഖഡ്‌സെയുടെ ആരോപണത്തിന് മറുപടി നല്‍കിയത്. ഫഡ്‌നാവിസ് സര്‍ക്കാരില്‍ മന്ത്രി ആയിരുന്ന ഖഡ്സെ, അഴിമതി ആരോപണത്തെ തുടര്‍ന്ന് 2016 ജൂണ്‍ മൂന്നിന് രാജി വയ്ക്കുകയായിരുന്നു.