മാണിയെ വേണ്ടെന്നുപറഞ്ഞാല്‍ വേണ്ട: നിലപാട് കടുപ്പിച്ച് സിപിഐ കേന്ദ്ര നേതൃത്വം

single-img
23 March 2018

Support Evartha to Save Independent journalism

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ കേന്ദ്ര നേതൃത്വം. കേരളാ കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ കാനം രാജേന്ദ്രന്‍ പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു. കേരളത്തിലെടുത്ത തീരുമാനമാണ് ഇക്കാര്യത്തില്‍ അന്തിമമെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎംസിപിഐ നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. മാണിയെ സഹകരിപ്പിക്കാന്‍ ഏകദേശ ധാരണ ആയിരുന്നെങ്കിലും അന്തിമ തീരുമാനം കേരളത്തിലെ നേതൃത്വം എടുക്കട്ടെ എന്നായിരുന്നു യോഗത്തില്‍ സിപിഐ ദേശീയ നേതൃത്വം എടുത്ത നിലപാട്.

എന്നാല്‍ മാണിയുമായി ബന്ധം വേണ്ടെന്ന പഴയ നിലപാടില്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.രാജയുടെ പ്രതികരണം. കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫിലെടുക്കുന്നത് രാഷ്ട്രീയപരമായും തെരഞ്ഞെടുപ്പുപരമായും ഗുണം ചെയ്യില്ല. മാണി യുഡിഎഫുമായും ബിജെപിയുമായും ചര്‍ച്ചയിലാണെന്നും വിലപേശല്‍ തന്ത്രമാണു മാണി പ്രയോഗിക്കുന്നതെന്നും സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.