തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കേംബ്രിജ് അനലിറ്റിക്ക ഇടപെടല്‍ നടത്തിയതായി വെളിപ്പെടുത്തല്‍

single-img
23 March 2018

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഡോണള്‍ഡ് ട്രംപ് ഉപയോഗിച്ച കേംബ്രിജ് അനലിറ്റികയെ ഇന്ത്യയിലെ നാലു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉപയോഗിച്ചുവെന്ന വാര്‍ത്ത പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് രംഗത്തുവരികയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവരുന്നത്. കേംബ്രിജ് അനലറ്റിക്ക 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഇടപെട്ടതായാണ് റിപ്പോര്‍ട്ട്. കേംബ്രിജ് അനലിറ്റിക്കയുടെ ഭാഗമായ ഇന്ത്യന്‍ കമ്പനിയുടെ സഹസ്ഥാപകനായിരുന്ന അവനീഷ് റായ് എന്നയാളാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

കേംബ്രിജ് അനലിറ്റിക്കയുടെ സിഇഒ അലക്‌സാണ്ടന്‍ നിക്‌സ് ആണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത് എന്നാണ് വെളിപ്പെടുത്തല്‍. കേംബ്രിജ് അനലിറ്റിക്കയുടെ മാതൃ കമ്പനിയായ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ലബോറട്ടറീസ് യു.കെയാണ് ഇന്ത്യന്‍ കമ്പനിയായ എസ്.സി.എല്ലിന്റെ ഉടമ.

ഈ കമ്പനിയുടെ ഡയറക്ടറായിരുന്നു അവനീഷ് റായ്. അലക്‌സാണ്ടര്‍ നിക്‌സ്, അലക്‌സാണ്ടര്‍ ഓക്‌സ് എന്നിവരെ കൂടാതെ ജെഡിയു നേതാവ് കെ.സി ത്യാഗിയുടെ മകന്‍ അമരീഷ് ത്യാഗിയും കമ്പനിയുടെ ഡയറക്ടറാണ്. രാഷ്ട്രീയ വിശകലനങ്ങള്‍ നടത്തുന്ന കമ്പനിയായ ഒവ്‌ലേനോ ബിസിനസ് ഇന്റലിജന്‍സ് (ഒബിഐ) എന്ന കമ്പനിയും അവനീഷ് റായ്, അമരീഷ് ത്യാഗി എന്നിവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

രാഷ്ട്രീയ രംഗത്തുനിന്നുള്ള കമ്പനിയുടെ ആദ്യത്തെ ഇടപാടുകാരന്‍ കേന്ദ്ര മന്ത്രി മഹേഷ് ശര്‍മയായിരുന്നു. 2009ലെ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണം വിശകലനം ചെയ്യുകയായിരുന്നു ആവശ്യം. 2011ല്‍ ഇന്ത്യയിലെത്തിയ അലക്‌സാണ്ടന്‍ നിക്‌സ് ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതു സംബന്ധിച്ച് താനും അമരീഷ് ത്യാഗിയും തമ്മില്‍ സംഭാഷണം നടത്തിയിരുന്നതായി അവനീഷ് റായ് വെളിപ്പെടുത്തുന്നു.

തുടര്‍ന്നാണ് ഈ ലക്ഷ്യത്തോടെ എസ്.സി.എല്‍ എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും തിരഞ്ഞെടുപ്പുകളില്‍ ആവശ്യക്കാരായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ വിവരങ്ങള്‍ നല്‍കുകയുമായിരുന്നു ലക്ഷ്യം.

കോണ്‍ഗ്രസിനുവേണ്ടി മാത്രം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുക എന്നതായിരുന്നു ഡയറക്ടറായ അലക്‌സാണ്ടന്‍ നിക്‌സ് ആദ്യം അറിയിച്ചത്. 2012ലെ യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിക്കുവേണ്ടി അമേഠി, റായ് ബറേലി എന്നിവയടക്കം അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു പറയുമ്പോഴും അലക്‌സാണ്ടന്‍ നിക്‌സിന്റെ യഥാര്‍ഥ താല്‍പര്യം സംശയകരമായിരുന്നെന്ന് അവനീഷ് റായ് പറയുന്നു. കോണ്‍ഗ്രസ് വിരുദ്ധമായ നീക്കങ്ങള്‍ സംഘാംഗങ്ങളില്‍ ചിലരില്‍ കണ്ടതിനെ തുടര്‍ന്ന് ഇക്കാര്യം നിക്‌സുമായി സംസാരിച്ചിരുന്നു.

തന്റെ കമ്പനിയുടെ ലക്ഷ്യം ലാഭമുണ്ടാക്കുക എന്നതാണെന്നും അതിനായാണ് പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു നിക്‌സിന്റെ മറുപടി. മറ്റാര്‍ക്കോ വേണ്ടി കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനുള്ള ഉത്തരവാദിത്വമാണ് നിക്‌സ് ഏറ്റെടുത്തിരുന്നതെന്നും അവനീഷ് റായ് പറയുന്നു. കോണ്‍ഗ്രസിന് എതിരായി പ്രവര്‍ത്തിക്കുന്നതിന് കമ്പനിക്ക് പണം നല്‍കിയത് ഗുജറാത്തി കച്ചവടക്കാരനാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

രണ്ടു കമ്പനികളും സംയുക്തമായി ശേഖരിച്ച ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഇന്ത്യയില്‍ സൂക്ഷിക്കണമെന്ന ആവശ്യം നിക്‌സ് നിരാകരിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തെറ്റുന്നത്. ഈ വിവരങ്ങള്‍ അമേരിക്കയിലെ സെര്‍വറില്‍ സൂക്ഷിക്കണമെന്നാണ് നിക്‌സിനെ ജോലി ഏല്‍പ്പിച്ച വ്യക്തി ആവശ്യപ്പെട്ടിരുന്നത്. ഇതിനെ തുടര്‍ന്നാണ് അവനീഷ് റായ് നിക്‌സിന്റെ കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. ഘാന, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്കു വേണ്ടിയും ഈ കമ്ബനികള്‍ പ്രവര്‍ത്തിച്ചിരുന്നു.

അവനീഷ് റായിയുടെയും അമരീഷ് ത്യാഗിയുടെയും നേതൃത്വത്തിലുള്ള ഒബിഐ എന്ന കമ്പനി 2012ലെ യുപി തിരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നതായും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ടര്‍മാരുടെ ജാതി, പ്രായം തുടങ്ങിയവ അടക്കമുള്ള വിവരങ്ങള്‍ ബൂത്ത് അടിസ്ഥാനത്തില്‍ ശേഖരിക്കുകയും അത് ബിജെപിക്ക് നല്‍കുകയും ചെയ്തിരുന്നു. ആര്‍എസ്എസ് നേതാവ് സഞ്ജയ് ജോഷി, നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ക്കാണ് വിവരങ്ങള്‍ കൈമാറിയതെന്നും അവനീഷ് റായ് പറയുന്നു.