തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയുടെ പ്രഹരം; ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ ആയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

single-img
23 March 2018

ന്യൂഡല്‍ഹി: ഇരട്ട പദവി വഹിച്ചതിനെ തുടര്‍ന്ന് 20 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. എം.എല്‍.എമാരെ അയോഗ്യരാക്കിയത് രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല.

എം.എല്‍.എമാരുടെ വാദം കേള്‍ക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തതെന്നു കോടതി ചൂണ്ടിക്കാട്ടി. ആം ആദ്മിയുടെ എം.എല്‍.എമാര്‍ 2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്തംബര്‍ 8 വരെ മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറിമാരായതാണ് അയോഗ്യതയ്ക്ക് ഇടയാക്കിയത്.

ഇത് ഇരട്ടപ്പദവിയാണെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് പട്ടേല്‍ ആണ് കമ്മിഷന് പരാതി നല്‍കിയത്. ആം ആദ്മി അധികാരമേറ്റ് ഒരു മാസം തികയും മുന്‍പാണ് എം.എല്‍.എമാരെ ഈ പദവിയില്‍ നിയമിച്ചത്. പാര്‍ലമെന്ററി സെക്രട്ടറി നിയമനം 2016 സെപ്തംബറില്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമനത്തിന് ലഫ്. ഗവര്‍ണറുടെ അനുമതി ഇല്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി നടപടി.