യോഗി സര്‍ക്കാര്‍ പണി തുടങ്ങി: മുസഫര്‍നഗര്‍ കലാപമുള്‍പ്പെടെ 131 കേസുകള്‍ പിന്‍വലിക്കുന്നു

single-img
22 March 2018

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ കലാപമുള്‍പ്പെടെയുള്ള 131 വര്‍ഗീയ കലാപ കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 2013ല്‍ മുസഫര്‍ നഗര്‍, ഷംലി തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കൊലപാതക, വധശ്രമ കേസുകള്‍ ഉള്‍പ്പെടെ പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചുരുങ്ങിയത് എഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയ കേസുകളാണു യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. 2013ല്‍ നടന്ന കലാപങ്ങളില്‍ 62 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 1400 പേര്‍ പങ്കെടുത്ത കലാപങ്ങളില്‍ 503 കേസുകളാണു കഴിഞ്ഞ സര്‍ക്കാര്‍ റജിസ്റ്റര്‍ ചെയ്തത്.

ബിജെപി സര്‍ക്കാര്‍ പിന്‍വലിക്കുന്ന 131 കേസുകളില്‍ 13 എണ്ണം കൊലപാതകത്തിനും 11 എണ്ണം കൊലപാതക ശ്രമത്തിനുമുള്ളതാണെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മുസഫര്‍നഗര്‍, ഷാംലി എന്നിവിടങ്ങളിലെ ഖാപ് പഞ്ചായത്ത് നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിനു പിന്നാലെയാണു കേസ് പിന്‍വലിക്കാനുള്ള തീരുമാനം.

ഫെബ്രുവരി അഞ്ചിനാണു ഖാപ് നേതാക്കള്‍ യോഗിയെ കണ്ടത്. 179 കേസുകള്‍ പിന്‍വലിക്കണം എന്നായിരുന്നു ആവശ്യം. പ്രതികളെല്ലാം ഹിന്ദുക്കള്‍ ആയതിനാലാണു കേസുകള്‍ പിന്‍വലിക്കുന്നതെന്നു ബിജെപി എംപി സജ്ഞീവ് ബല്യാന്‍ പറഞ്ഞു. കഴിഞ്ഞമാസം 131 കേസുകളുടെ വിവരങ്ങള്‍ നിയമവകുപ്പ് ജില്ലാ മജിസ്‌ട്രേറ്റിനോട് ആരാഞ്ഞിരുന്നു.

സര്‍ക്കാരിന്റെ നീക്കത്തോടു ജനങ്ങളുടെ പ്രതികരണം എന്താകുമെന്നറിയാനാണു ജില്ലാ മജിസ്‌ട്രേറ്റിനു യുപി സ്‌പെഷ്യല്‍ സെക്രട്ടറി കത്തയച്ചത്. യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ അംഗമായ സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ സജ്ഞീവ് ബല്യാന്‍, എംപി ബര്‍തേന്ദ്ര സിങ്, സംസ്ഥാന മന്ത്രി സുരേഷ് റാണ, എംഎല്‍എമാരായ ഉമേഷ് മാലിക്, സംഗീത് സിങ് സോം തുടങ്ങിയവര്‍ പ്രതികളായ കേസുകളാണു പിന്‍വലിക്കുന്നത്.