വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി കടന്നപ്പള്ളി: വീഴ്ച വരുത്തിയാല്‍ അദാനിയില്‍നിന്ന് പിഴ ഈടാക്കും

single-img
22 March 2018


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ കാലാവധി നീട്ടാനുള്ള അദാനി ഗ്രൂപ്പിന്റെ ന്യായവാദങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതി അനന്തമായി നീളുന്നത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ.വിന്‍സെന്റ് എംഎല്‍എ നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു അദേഹം.

പദ്ധതി വൈകിയാല്‍ പ്രതിമാസം 12 ലക്ഷം രൂപ നഷ്ടം ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. പദ്ധതിയില്‍ സാങ്കേതികപ്രശ്‌നങ്ങളുണ്ടെന്നും സര്‍ക്കാരിന്റെ ഭാഗത്ത് കൃത്യവിലോപമില്ലെന്നും മന്ത്രി പറഞ്ഞു. ഓഖി ചുഴലിക്കാറ്റും സാധന സാമഗ്രികളുടെ ലഭ്യതകുറവും പദ്ധതിയ്ക്ക് ചെറിയ തോതില്‍ തിരിച്ചടിയായെന്നും മന്ത്രി, സഭയില്‍ അറിയിച്ചു.

അതേസമയം അദാനിക്ക് ലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. വിഴിഞ്ഞം പദ്ധതിയെ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയി.
വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി തീരില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് അദാനി ഗ്രൂപ്പ് കത്തു നല്‍കിയത്. ഓഖി ദുരന്തം നിര്‍മാണ പ്രവര്‍ത്തനത്തിന് തടസമായെന്നാണ് വിശദീകരണം. ഇക്കാര്യം അദാനി ഗ്രൂപ്പ് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിനെ അറിയിച്ചു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡ്രഡ്ജര്‍ തകര്‍ന്നതാണ് കാരണമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ഓഖിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് തുറമുഖ ഉപകമ്പനി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.