വയല്‍ക്കിളി നേതാവിന്റെ വീടിന് കല്ലേറ്: ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.എം; നിഷേധിച്ച് ബി.ജെ.പി

single-img
22 March 2018

Donate to evartha to support Independent journalism

കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം. ഇന്നലെ രാത്രി 1.40 ഓടെ ബൈക്കിലെത്തിയ സംഘം വീടിനു നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു. ആക്രമണത്തിനു പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദന്‍ ആരോപിച്ചു.

ആര്‍ എസ് എസിന്റെ കലാപശ്രമമമാണ് ആക്രമണം. സമരത്തിന്റെ പേരും പറഞ്ഞു നടക്കുന്നവര്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സി പി എമ്മിന്റെ ആരോപണത്തിനെതിരെ ബി ജെ പി രംഗത്തെത്തി. സുരേഷിന്റെ വീട് ആക്രമിക്കേണ്ട കാര്യം ബി ജെ പിക്ക് ഇല്ലെന്ന് ബി ജെ പി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സത്യപ്രകാശ് പറഞ്ഞു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേയാണ് കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. വയല്‍ക്കിളി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വയലിനു നടുവില്‍ കൂടാരം നിര്‍മിച്ചു രാപ്പകല്‍ കാവല്‍ കിടക്കുന്നതായിരുന്നു സമരരീതി.

കഴിഞ്ഞ ദിവസം സമരക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കിയതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സമരപന്തല്‍ തീയീട്ടു നശിപ്പിച്ചിരുന്നു. ഹൈവേ ഒഴിവാക്കി വയലിലൂടെ റോഡ് നിര്‍മിക്കുന്നതിനു പിന്നില്‍ തളിപ്പറമ്പിലെ സിപിഎം കോണ്‍ഗ്രസ് മുസ്ലിം ലീഗ് കൂട്ടായ്മയുടെ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളാണെന്നാണ് വയല്‍ക്കിളികളുടെ ആരോപണം. തളിപ്പറമ്പ് ടൗണില്‍ ദേശീയപാത വീതികൂട്ടാന്‍ സ്ഥലമില്ലെന്നു ചൂണ്ടിക്കാട്ടിയാണു കീഴാറ്റൂരിലൂടെ ബൈപ്പാസ് പണിയാന്‍ തീരുമാനിച്ചത്.