സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസ് സുപ്രീം കോടതിയില്‍

single-img
22 March 2018

സിറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി രൂപതയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിലേക്ക്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണു ഹര്‍ജി.

അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പള്ളില്‍ ആണു ഹര്‍ജി നല്‍കിയത്. ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ നീക്കി അന്വേഷണം തുടരാന്‍ ഉത്തരവിടണമമെന്നാണ് ആവശ്യം. ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ക്രിസ്തുമതത്തില്‍പെട്ട ജഡ്ജിമാരെ ഒഴിവാക്കണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ കേസില്‍ ഹാജരാക്കാനും ഹര്‍ജിക്കാരന്‍ ശ്രമം തുടങ്ങി. അതേസമയം കര്‍ദിനാള്‍ പക്ഷവും തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കി.

ഭൂമി വില്‍പനയില്‍ ക്രമക്കേടുണ്ടെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ തുടര്‍ നടപടിയുണ്ടായില്ലെന്നാരോപിച്ച് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍ മാര്‍ച്ച് ആറിനാണ് കേസെടുത്ത് അന്വേഷിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്.

തുടര്‍ന്ന് ഇതിനെതിരെ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടം എന്നിവര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതിന്മേലാണ് കേസ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. അപ്പീല്‍ അന്തിമ വാദത്തിനായി ഏപ്രില്‍ മൂന്നിന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.