വീണ്ടും ബാങ്ക് തട്ടിപ്പ്: എസ്.ബി.ഐയില്‍ നിന്നും ജ്വല്ലറി ഉടമ തട്ടിയത് 842 കോടി

single-img
22 March 2018

 

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പിന് സമാനമായ സംഭവം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും. എസ്.ബി.ഐയില്‍നിന്നും കോടികളുടെ വായ്പയെടുത്ത് സ്വര്‍ണ കമ്പനി ഉടമകള്‍ മുങ്ങി. ചെന്നൈ ആസ്ഥാനമായ കനിഷ്‌ക് ഗോള്‍ഡ് കമ്പനിയാണ് 824.15 കോടി രൂപയുടെ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാത്തത്.

ബാങ്കിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം ആരംഭിച്ച സിബിഐ കമ്പനി ഓഫീസിലും ഉടമകളുടെ വീടുകളിലും റെയ്ഡ് നടത്തി. ഭൂപേഷ് കുമാര്‍ ജെയിന്‍, ഭാര്യ നീത ജെയിന്‍ എന്നിവരാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. 2007ലാണ് 14 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഇവര്‍ക്ക് ബാങ്ക് വായ്പ നല്‍കിയത്.

2017 മാര്‍ച്ച് മുതല്‍ വായ്പാ തിരിച്ചടവ് മുടങ്ങി. ജ്വല്ലറി ഓഫീസിലും ഉടമകളുടെ വീട്ടിലുമെത്തിയെങ്കിലും ബാങ്ക് അധികൃതര്‍ക്ക് ഇവരെ കണ്ടെത്താനായില്ല. കമ്പനിയുടമകളെ ബന്ധപ്പെടാനുള്ള ശ്രമങ്ങളും വിജയിക്കാതെ വന്നതോടെയാണ് ബാങ്ക് പരാതിയുമായി എത്തിയത്.

ആയിരം കോടി രൂപയ്ക്ക് മുകളില്‍ കമ്പനി ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാനുണ്ട്. എന്നാല്‍ ബിസിനസില്‍ നഷ്ടം നേരിട്ടതിനെത്തുടര്‍ന്ന് 2017 മെയില്‍ കനിഷ്‌ക് ഗോള്‍ഡ് കമ്പനി അടച്ചുപൂട്ടിയെന്നാണ് മദ്രാസ് ജ്വല്ലേഴ്‌സ് ആന്റ് ഡയമണ്ട്‌സ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നത്.