സൗദിയില്‍ ജോലി ചെയ്യുന്നവര്‍ അറിയാന്‍: അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ ഏപ്രില്‍ 14 മുതല്‍ മരവിപ്പിക്കും

single-img
22 March 2018

Doante to evartha to support Independent journalism

സൗദി നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഏപ്രില്‍ 14 മുതല്‍ മരവിപ്പിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ബാങ്ക് ഉപഭോക്താക്കള്‍ പോസ്റ്റ് ബോക്‌സ് വിലാസത്തിന് പുറമെ താമസിക്കുന്ന സ്ഥലം അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ ബാങ്ക് അക്കൗണ്ട് ഉടമകളും നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. വിലാസവും ലൊക്കേഷന്‍ വിവരങ്ങളും നല്‍കി അഡ്രസ് ഡോട് ജിഒവി ഡോട് എസ്.എ എന്ന പോര്‍ട്ടലിലാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്.

ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്‌ട്രേഷന്‍ നേടി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. അല്ലാത്തവരുടെ അക്കൗണ്ടുകള്‍ ഏപ്രില്‍ 14 മുതല്‍ മരവിപ്പിക്കും. നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്‌ട്രേഷന്‍ നേടുന്നതിന് കെട്ടിട നമ്പര്‍, സ്ട്രീറ്റിന്റെ പേര്, സ്ഥലപ്പേര്, പട്ടണത്തിന്റെ പേര്, പോസ്റ്റല്‍ കോഡ്, ഫോണ്‍ നമ്പര്‍ എന്നിവ ആവശ്യമാണ്.

സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുളള അബ്ഷിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉപയോഗിച്ച മൊബൈല്‍ നമ്പരാണ് അഡ്രസ് രജിസ്‌ട്രേഷന് ആവശ്യമുളളത്. ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അബ്ശിറില്‍ നല്‍കിയിട്ടുളള മൊബൈല്‍ നമ്പരിലാണ് കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.