ഹാര്‍ദ്ദിക് പാണ്ഡ്യ കുടുങ്ങി: പോലീസ് കേസെടുത്തു

single-img
22 March 2018

Support Evartha to Save Independent journalism

ഭരണഘടനാ ശില്‍പി ഡോ. ബിആര്‍ അംബേദ്ക്കറിനെ അപമാനിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ പോലീസ് കേസെടുത്തു. ‘ഏത് അംബേദ്ക്കര്‍? ഇന്ത്യയുടെ നിയമം എഴുതിയുണ്ടാക്കിയ ആളെയാണോ അതോ സംവരണം എന്ന രോഗം ഇന്ത്യ മുഴുവന്‍ വ്യാപിപ്പിച്ച ആളാണോ’ എന്നായിരുന്നു 2017 ഡിസംബര്‍ 26 ന് പാണ്ഡ്യയുടെ ട്വീറ്റ്.

ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട രാജസ്ഥാനിലെ രാഷ്ട്രീയ ഭീം സേനാ അംഗമായ ഡി ആര്‍ മേഘ്‌വാള്‍ ഇതിനെതിരെ പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കുകയായിരുന്നു. അംബേദ്ക്കറെ അപമാനിച്ചതിലൂടെ അദ്ദേഹത്തിന്റെ സമുദായത്തിന്റെ വികാരം കൂടിയാണ് വ്രണപ്പെടുത്തിയതെന്ന് മേഘ്‌വാള്‍ പറഞ്ഞു.

പാണ്ഡ്യയെ പോലെ പ്രശസ്തനായ ഒരാള്‍ ഒരിക്കലും ഭരണഘടനയെയോ അതിന്റെ ശില്‍പ്പിയേയും അപമാനിക്കാന്‍ പാടില്ലായിരുന്നെന്നും അതിലൂടെ ഒരു സമൂഹത്തിന്റെ മുഴുവന്‍ വികാരത്തെയാണ് താരം വ്രണപ്പെടുത്തിയതെന്നും മേഘ്വാള്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

ഇതേത്തുടര്‍ന്ന് പ്രത്യേക കോടതിയുടെ നിര്‍ദേശാനുസരണം ബുധനാഴ്ചയാണ് പൊലീസ് താരത്തിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.