‘കീഴാറ്റൂര്‍ ബൈപാസ് നിര്‍മിക്കാന്‍ തീരുമാനിച്ചത് പിണറായിയോ സുധാകരനോ അല്ല; കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയ പാത അതോറിറ്റി’

single-img
22 March 2018

കീഴാറ്റൂരില്‍ ബൈപ്പാസിനെതിരേ സമരം നടത്തുന്നവര്‍ പിന്തിരിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നയം. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കീഴാറ്റൂരിലെ ബൈപാസിനു പകരം മേല്‍പ്പാലം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെങ്കില്‍ സംസ്ഥാനം സഹകരിക്കും. മേല്‍പ്പാലം നിര്‍മിക്കണോയെന്നു ദേശീയപാത അതോറിറ്റി തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കീഴാറ്റൂര്‍ വഴി ബൈപാസ് നിര്‍മിക്കാന്‍ തീരുമാനിച്ചതു പിണറായി വിജയനോ ജി. സുധാകരനോ അല്ല.

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ പാത അതോറിറ്റിയാണ്. ദേശീയപാത അതോറിറ്റി കണ്ടെത്തുന്ന ഭൂമി ഏറ്റെടുത്തു കൊടുക്കുകയാണു സംസ്ഥാന സര്‍ക്കാരിന്റെ ചുമതല. ഒരു നന്ദിഗ്രാം ഉണ്ടായെന്നു വിചാരിച്ച് എല്ലായിടത്തും നന്ദിഗ്രാമമാക്കാമെന്നു കരുതേണ്ട.

ബൈപാസ് വരാതിരുന്നാല്‍ മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ വികസനമില്ലെന്നു പറഞ്ഞു മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടു പിടിക്കും. ത്രിപുരയില്‍ സംഭവിച്ചത് അതാണ്. തെറ്റിധരിക്കപ്പെട്ടവര്‍ തെറ്റിധാരണ മാറ്റി തിരിച്ചു വരണം. പരിസ്ഥിതി പ്രശ്‌നം പറഞ്ഞു വികസനത്തെ തടസപ്പെടുത്തരുത്.

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ സംരക്ഷിക്കും. സംഘര്‍ഷത്തിനോ സംഘട്ടനത്തിനോ സിപിഎം പോകില്ല. ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും കോടിയേരി പറഞ്ഞു. എകെജി ദിനാചരണത്തിന്റെ ഭാഗമായി എകെജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പാവങ്ങളുടെ പടത്തലവന്‍ മുന്നോട്ടുവെച്ച സമരപന്ഥാവുകള്‍ ഏറ്റെടുത്ത് നമുക്കിനിയും മുന്നേറാനുണ്ടെന്ന് കോടിയേരി

പാവങ്ങളുടെ പടത്തലവന്‍ എകെ ഗോപാലന്‍ മുന്നോട്ട് വെച്ച സമരപന്ഥാവുകള്‍ ഏറ്റെടുത്ത് നമുക്കിനിയും മുന്നേറാനുണ്ടെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എകെജി മരിച്ചിട്ട് 41 വര്‍ഷമാകുന്ന വേളയില്‍ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു കോടിയേരി. എകെജി പ്രക്ഷോഭത്തിന്റെ പര്യായമായിരുന്നെന്ന് പറഞ്ഞ കോടിയേരി അദ്ദഹം നയിച്ച സമരങ്ങളുടെ വികാരവും ആശയവും അക്ഷരാര്‍ഥത്തില്‍ സമൂഹത്തില്‍ നടപ്പാക്കുന്നതിന് നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരാണ് ഇന്ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അധികാരത്തിലുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എകെജി നമ്മെ വിട്ടുപിരിഞ്ഞിട്ട് 41 ആണ്ടാകുന്നു. ജീവിച്ചിരിക്കെത്തന്നെ ഇതിഹാസനേതാവായി മാറിയ ദേശീയ ജനനായകനാണ് അദ്ദേഹം. ആ മൂന്ന് അക്ഷരം പ്രക്ഷോഭത്തിന്റെ പര്യായമായിരുന്നു. എകെജിയെ ഓര്‍ക്കാത്ത ദിനങ്ങള്‍ കേരളത്തിന് പൊതുവിലും ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തിന് വിശേഷിച്ചും ഉണ്ടാകാറില്ല. 73ാംവയസ്സില്‍ അസ്തമിച്ച ആ ജീവിതം മരിക്കാത്ത വിപ്ലവസൂര്യനായി പ്രകാശിക്കുന്നു. അതിന് കാരണം താരതമ്യമില്ലാത്ത സമരപ്രവര്‍ത്തനമാണ്.

മാതൃരാജ്യത്തിന്റെ അടിമത്തത്തിനെതിരെ വീറോടുകൂടി, സ്വാതന്ത്ര്യാനന്തര ഭാരതത്തിലാകട്ടെ ജനങ്ങള്‍ അഭിമാനത്തോടെ ജീവിക്കുന്നതിനുവേണ്ടി വിശ്രമ രഹിതമായി പോരാടി. ഇതിന്റെയെല്ലാം ഫലമായി ജീവിതത്തിന്റെ നല്ലൊരു പങ്ക് തടവറകള്‍ക്കുള്ളിലായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോഴും ആ സ്വാതന്ത്ര്യസമരസേനാനി കാരാഗൃഹത്തിലായിരുന്നു. താരതമ്യം അസാധ്യമാകുംവിധം വൈവിധ്യമാര്‍ന്ന പൊതുജീവിതവും സമരജീവിതവുമായിരുന്നു എകെജിയുടേത്. ബ്രിട്ടീഷുകാരെ പുറത്താക്കാനുള്ള സമരം, അയിത്തോച്ചാടനം, വഴിനടക്കാനുള്ള സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനസമരം, സാമുദായിക അനാചാരങ്ങള്‍ക്കെതിരെയുള്ള സമരം ഇങ്ങനെ, ദേശീയ സ്വാതന്ത്ര്യ സമ്ബാദനത്തിന് മാത്രമല്ല, നവോത്ഥാന പ്രവര്‍ത്തനത്തിനുകൂടി സമരത്തെ ആയുധമാക്കി.

കോണ്‍ഗ്രസില്‍നിന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിവഴി കമ്യൂണിസ്റ്റ് പാര്‍ടിയില്‍ സമുന്നതനേതാവായി. ജനസമരങ്ങള്‍ അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവനാക്കി. കൊടുങ്കാറ്റുപോലെ സമരങ്ങള്‍ നയിക്കുകയും ആ കൊടുങ്കാറ്റില്‍ പല ജനവിരുദ്ധശക്തികളും തറപറ്റുകയും ചെയ്തിട്ടുണ്ട്. എകെജി നയിച്ച സമരങ്ങളുടെ വികാരവും ആശയവും അക്ഷരാര്‍ഥത്തില്‍ സമൂഹത്തില്‍ നടപ്പാക്കുന്നതിന് നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരാണ് ഇന്ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അധികാരത്തിലുള്ളത്. അതുകൊണ്ടാണ് ദേവസ്വം ബോര്‍ഡുകളിലെ ക്ഷേത്രങ്ങളില്‍ പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും ശാന്തിക്കാരാകുന്നതിനുള്ള നിയമന നിയമം നടപ്പാക്കിയത്. ഇതുവഴി നമ്മുടെ സര്‍ക്കാര്‍ ഇന്ത്യക്കുതന്നെ മാതൃകയായിരിക്കുകയാണ്.

പാവങ്ങളുടെ പടത്തലവന്‍ മുന്നോട്ടുവെച്ച സമരപന്ഥാവുകള്‍ ഏറ്റെടുത്ത് നമുക്കിനിയും ഏറെ മുന്നോട്ടു പോകാനുണ്ട് എന്ന് എകെജിയെ അനുസ്മരിക്കുന്ന ഈ വേളയില്‍ നമുക്ക് തിരിച്ചറിയാം. കൈകള്‍ കോര്‍ക്കാം. എകെജിയുടെ സമരഭരിതമായ ജീവിതം നമുക്ക് കരുത്താവട്ടെ, കോടിയേരി കൂട്ടിച്ചേര്‍ത്തു.