താനും മകനും ബി.ജെ.പിയില്‍ ചേരില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ: കര്‍ണാടകയിലെ നട്ടെല്ലില്ലാത്ത ബി.ജെ.പി ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പഠിപ്പിക്കുകയാണെന്ന് സിദ്ധരാമയ്യ

single-img
22 March 2018


ബംഗളൂരു: ലിംഗായത്തുകള്‍ക്ക് പ്രത്യേകമത പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ച് താനും മകനും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ ഷമനൂര്‍ ശിവശങ്കരപ്പ വ്യക്തമാക്കി.

ലിംഗായത്തുകള്‍ക്ക് പ്രത്യേക പദവി കൊടുത്ത സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നു. ഇക്കാര്യത്തില്‍ തര്‍ക്കങ്ങളൊന്നുമില്ല. താന്‍ ബി.ജെ.പിയില്‍ ചേരില്ല. ബി.ജെ.പി നേതാക്കള്‍ വേണമെങ്കില്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വീരശൈവ വിഭാഗത്തില്‍ പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ ഷമനൂര്‍ ശിവശങ്കരപ്പയും മകനും മന്ത്രിയുമായ എസ്.എസ് മല്ലികാര്‍ജുനയും കോണ്‍ഗ്രസ് വിടുമെന്നും ബി.ജെ.പിയില്‍ ചേരുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. സംസ്ഥാനത്തെ മറ്റൊരു പ്രമുഖ വിഭാഗമായ വീരശൈവ ലിംഗായത്തിന്റെ മഹാസഭ പ്രസിഡന്റ് കൂടിയാണ് ശിവശങ്കരപ്പ.

അതേസമയം ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും രംഗത്തെത്തി. കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാതെ കര്‍ണാടകയിലെ നട്ടെല്ലില്ലാത്ത ബി.ജെ.പി ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പഠിപ്പിക്കുകയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് വായ്പകള്‍ എഴുതിതള്ളിയെന്ന കാര്‍ണാടക ബി.ജെ.പിയുടെ ട്വീറ്റിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെയും കര്‍ഷകരെയും വിഡ്ഢികളാക്കാന്‍ നോക്കേണ്ട, കേന്ദ്ര സര്‍ക്കാര്‍ കുറച്ച് വ്യവസായികളുടെ വായ്പകള്‍ മാത്രമാണ് എഴുതി തള്ളിയത്.

കര്‍ഷകരുടെ കോടിക്കണക്കിന് രൂപയുടെ കടങ്ങള്‍ എഴുതിതള്ളാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. കേന്ദ്രത്തില്‍ ബി.ജെ.പി നടത്തുന്നത് സ്യൂട്ട് ബൂട്ട് സര്‍ക്കാരാണെന്നും സിദ്ധരാമയ്യ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.