ബിയര്‍ ഗ്ലാസുകള്‍ മോഷണം പോകാതിരിക്കാന്‍ ബാറുടമയുടെ തന്ത്രം

single-img
22 March 2018

ബെല്‍ജിയത്തിലെ ബിയര്‍ വാള്‍’ ബിയര്‍ പ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്. ബിയറുകളിലെ വൈവിധ്യമാണ് ഇവിടത്തെ പ്രത്യേകത. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ബിയര്‍ വാളില്‍ മോഷണം പതിവായിരിക്കുകയാണ്. ബിയറല്ല മോഷണം പോകുന്നത്. മറിച്ച് ബിയര്‍ ഗ്ലാസുകളാണ് പതിവായി അപ്രത്യക്ഷമാകുന്നത്.

ബിയര്‍ നല്‍കുവാനായി നിര്‍മ്മിച്ച പ്രത്യേകതരം ബിയര്‍ ഗ്ലാസുകള്‍ ബിയര്‍ കുടിക്കാനെത്തുന്നവര്‍ അടിച്ചു മാറ്റുന്നതാണ് പ്രശ്‌നം.
പ്രതിമാസം 200 ഗ്ലാസുകളാണ് മോഷ്ടിക്കപ്പെടുന്നതെന്ന് ബാറുടമ ഫിലിപ് മേസ് പറയുന്നു. എന്തായാലും കക്ഷി തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍.

ടെക്‌നോളജി വിദഗദ്ധരുടെ സഹായത്തോടെ ബിയര്‍ ഗ്ലാസുകളില്‍ അലാം സെന്‍സര്‍ ഘടിപ്പിച്ചു. ഗ്ലാസുമായി ആരെങ്കിലും ബാറിന്റെ വാതില്‍ കടക്കാന്‍ ശ്രമിച്ചാല്‍ അലാറം മുഴങ്ങുന്ന രീതിയിലാണ് പ്രവര്‍ത്തനം. പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷം ഗ്ലാസുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് വിജയശ്രീലാളിതനായി ഫിലിപ് വ്യക്തമാക്കുന്നു.