ഫെയ്‌സ്ബുക്ക് വിവരം ചോര്‍ത്തല്‍ വിവാദത്തില്‍ കുടുങ്ങി കോണ്‍ഗ്രസും ബിജെപിയും

single-img
22 March 2018

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസും ബിജെപിയും, ഫെയ്‌സ്ബുക്കില്‍ നിന്ന് അഞ്ച് കോടിയിലേറെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ബ്രിട്ടീഷ് ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ കേംബ്രിജ് അനലിറ്റികയുടെ ഇടപാടുകാരാണെന്ന് റിപ്പോര്‍ട്ട്. എന്‍ഡിടിവിയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

2012 ലെ യുപി തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടിയും 2010-11 ലെ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസിനു വേണ്ടിയും ഇവര്‍ പ്രവര്‍ത്തിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കേംബ്രിജ് അനലിറ്റിക്കയുടെ ഇന്ത്യയിലെ പങ്കാളിയായ ഓവ്‌ലിനോ ബിസിനസ് ഇന്റലിജന്‍സിന്റെ (ഒബിഐ) തലവന്‍ ജെഡിയു നേതാവ് കെ.സി. ത്യാഗിയുടെ പുത്രന്‍ അമരീഷ് ത്യാഗിയാണ് എന്‍ഡിടിവി നടത്തിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

എസ്സിഐ ഇന്ത്യയും എസ്സിഎല്‍ ഗ്രൂപ്പും ഇന്ത്യയില്‍ ഒബിഐയുടെ ബിസിനസ് പങ്കാളികളാണെന്ന് അമരീഷ് ത്യാഗി പറയുന്നു. കേംബ്രിജ് അനലിറ്റിക്കയുടെ മാതൃസ്ഥാപനമാണ് എസ്സിഎല്‍ ഗ്രൂപ്പ് ലണ്ടന്‍. 2012 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടിയും 2010-11 ല്‍ ജാര്‍ഖണ്ഡില്‍ യൂത്ത് കോണ്‍ഗ്രസിനു വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു.

ഒബിഐയുടെ വെബ്‌സൈറ്റില്‍ 2003 രാജസ്ഥാന്‍, 2010 ബിഹാര്‍, 2012 ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ ചില കക്ഷികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതായി പറഞ്ഞിരുന്നു. (വെബ്‌സൈറ്റില്‍നിന്ന് ഈ ഭാഗം ഇന്നലെ നീക്കം ചെയ്തു). രാജസ്ഥാനില്‍ സമ്പൂര്‍ണ രാഷ്ട്രീയ സര്‍വേ ആണ് നടത്തിയത്. ബിഹാറില്‍ ഒരു പ്രാദേശിക പാര്‍ട്ടിക്കുവേണ്ടി ഗവേഷണവും തന്ത്ര രൂപീകരണവും വോട്ടര്‍മാരെ സ്വാധീനിക്കലും നടത്തി.

തങ്ങള്‍ ബിഹാറില്‍ ലക്ഷ്യമിട്ട സീറ്റുകളില്‍ 90 ശതമാനത്തിലും തങ്ങളുടെ പാര്‍ട്ടിയും കൂട്ടുകക്ഷിയും ജയിച്ചെന്ന് ഒബിഐയുടെ പങ്കാളി കേംബ്രിജ് അനലിറ്റിക്ക അവരുടെ വെബ്‌സൈറ്റില്‍ അവകാശപ്പെട്ടു. 2010ല്‍ നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും കൂടിയാണു ബിഹാറില്‍ വിജയിച്ചത്. ഉത്തര്‍പ്രദേശില്‍ സര്‍വേ നടത്തുകയും വോട്ടര്‍മാരുടെ മനംമാറ്റം സംബന്ധിച്ച വിശദപഠനം നടത്തുകയും ചെയ്തതായി വെബ്‌സൈറ്റില്‍ അവകാശപ്പെട്ടിരുന്നു.

അതിനിടെ, കേംബ്രിഡ്ജ് അനലിറ്റിക്കയടെ പ്രാദേശിക സംരംഭമായ ‘എസ്.സി.എല്‍ ഇന്ത്യ’യുടെ വെബ്‌സൈറ്റ് ഇന്ത്യ നീക്കം ചെയ്തു. 2014ലെ ഇന്ത്യയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടപെട്ടതായി വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ ഈ നടപടി.

നേരത്തെ, കോണ്‍ഗ്രസ് നേതാക്കള്‍ ഈ കമ്പനിയുമായി കരാറുകളിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. ഈ കരാറുകളെ കുറിച്ചും ഇത്തരത്തില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നും കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഈ ആരോപണം തെറ്റാണെന്നും ബി.ജെ.പിയും നരേന്ദ്ര മോദിയുമാണ് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കരാറിലേര്‍പ്പെട്ടിട്ടുള്ളതെന്നുമാണ് കോണ്‍ഗ്രസ് പ്രതികരണം. ‘എസ്.സി.എല്ലിനെ കുറിച്ച് കേട്ടിട്ടുപോലും ഇല്ല, അതുകൊണ്ട് അവരോടൊപ്പം പ്രവര്‍ത്തിച്ചുവോ എന്ന ചോദ്യത്തിന് പ്രസക്തിയുമില്ലെന്നായിരുന്നു ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയാ തലവന്‍ അമിത് മാള്‍വിയ പറഞ്ഞത്.
അതേസമയം സ്വകാര്യത ചോര്‍ന്നെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഫെയ്‌സ്ബുക്കിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഫെയ്‌സ്ബുക്കിന്റെ ഏറ്റവും വലിയ ഓഹരിവിലയിലെ തിരിച്ചടിയാണിത്. കമ്പനിയുടെ വിപണിമൂല്യത്തിലും 537 ബില്യണ്‍ ഡോളറില്‍ നിന്നും 494 ബില്യണ്‍ ഡോളറിലേക്കുള്ള ഇടിവുണ്ടായി. 500 കോടി ഡോളറാണ് ഈയൊരൊറ്റ സംഭവവികാസം കൊണ്ട് ഫെയ്‌സ്ബുക്ക് ഉടമ സക്കര്‍ബര്‍ഗിന് നഷ്ടമായിരിക്കുന്നത്.