കോഴിയിറച്ചി കഴിക്കുന്നവര്‍ ‘ജാഗ്രതൈ’; ഇറച്ചിക്കോഴികളില്‍ മാരക ആന്റിബയോട്ടിക്കുകള്‍; ജീവഹാനി വരെ സംഭവിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്

single-img
22 March 2018

തന്തൂരി ചിക്കന്‍, ഫ്രൈഡ് ചിക്കന്‍, ചിക്കന്‍ സിക്സ്റ്റി ഫൈവ്, ചിക്കന്‍ ചില്ലി… കോഴിയിറച്ചി വിഭവങ്ങള്‍ അങ്ങനെ നീണ്ടുപോകുന്നു. പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. എന്നാല്‍ കോഴിയിറച്ചി കഴിക്കുന്നവര്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

ഇന്ത്യയില്‍ ഭക്ഷണത്തിനായി വളര്‍ത്തുന്ന ഇറച്ചിക്കോഴികളില്‍ മാരകമായ അളവില്‍ ആന്റിബയോട്ടിക്കുകള്‍ കുത്തിവയ്ക്കുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഗുരുതരമായ അസുഖങ്ങള്‍ക്ക് ഏറ്റവും അവസാന ഉപായമായി ഉപയോഗിക്കുന്ന പ്രഹരശേഷിയുള്ള കോളിസ്റ്റീന്‍ എന്ന ആന്റി ബയോട്ടിക്കുകളാണ് കോഴികളില്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസം നടത്തിയ പഠനറിപ്പോര്‍ട്ട് ടെലഗ്രാഫ് ദിനപത്രമാണ് പുറത്തുവിട്ടത്. ആരോഗ്യ വിദഗ്ദരുടെ നിര്‍ദേശമോ അറിവോ ഇല്ലാതെ ഇത്തരത്തിലുള്ള ടണ്‍കണക്കിന് ആന്റി ബയോട്ടിക്കുകള്‍ ഇന്ത്യയിലേക്ക് എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വര്‍ഷം തോറും നൂറുടണിനു മുകളില്‍ കോളിസ്റ്റീന്‍ എന്ന ആന്റിബയോട്ടിക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. കോഴികളുടെ അതിവേഗ വളര്‍ച്ചയിലൂടെ ലാഭം ലക്ഷ്യമിട്ടാണ് ഇത്തരം ക്രമക്കേടുകള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ഇന്ത്യയില്‍ നിന്നാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കോഴികള്‍ കയറ്റുമതി ചെയ്യുന്നത്. അതുകൊണ്ട് കൂടിയാണ് കോഴികര്‍ഷകര്‍ ഇത്തരത്തിലൊരു മരുന്ന് ഉപയോഗത്തിലേക്ക് കടക്കുന്നതും. മനുഷ്യനില്‍ പോലും വളരെ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രമാണ് ഡോക്ടര്‍മാര്‍ ഈ മരുന്ന് നിര്‍ദേശിക്കാറുള്ളത്.

അത്യാസന്നനിലയിലെത്തിയ രോഗികള്‍ക്ക് മറ്റൊരു മരുന്നും ഏല്‍ക്കാതെ വരുമ്പോഴാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും ന്യൂമോണിയ രോഗികള്‍ക്ക് മറ്റൊന്നും ഏല്‍ക്കാതെ വരുമ്പോള്‍ ഈ ആന്റിബയോട്ടിക്ക് ഉപയോഗിക്കാറുണ്ട്.

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ കുത്തിവയ്പ്പ് മൃഗങ്ങളിലും വലിയ മാറ്റങ്ങള്‍ക്കാണ് കാരണമാകുന്നത്. ഇതിന്റെ ഉപയോഗം വര്‍ധിക്കുന്നതോടെ മൊത്തം ജീവി വര്‍ഗത്തിന് തന്നെ വന്‍വിപത്താണ് ഇതുവരുത്തിവയ്ക്കുന്നതെന്നും വിശദമായ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.