‘പ്രപഞ്ചം നിലനില്‍ക്കുന്നിടത്തോളം കാലം ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ പറ്റില്ല; സൂക്ഷിച്ചിരിക്കുന്നത് അതീവ സുരക്ഷിതമായി’

single-img
22 March 2018

ആധാര്‍ ബയോമെട്രിക് മാച്ചിങ് സോഫ്റ്റ്‌വെയര്‍ വിദേശ കമ്പനിയുടെതെന്നു യുഐഡിഎഐ. സോഫ്റ്റ്‌വെയര്‍ വാങ്ങിയതു വിദേശ കമ്പനിയില്‍നിന്നാണ്. എന്നാല്‍ ഈ കാരണം കൊണ്ടു വിവരങ്ങള്‍ വിദേശ കമ്പനിക്കു ലഭ്യമാകില്ല. കാരണം സെര്‍വര്‍ ഇന്ത്യയുടേതാണ്. ദേശീയ സുരക്ഷയുടെ പേരില്‍ ഇതുവരെ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഒരു ഏജന്‍സിയും ഇതുവരെ വിവരങ്ങള്‍ക്കായി സമീപിച്ചിട്ടില്ലെന്നും സുപ്രീം കോടതിയില്‍ യുഐഡിഎഐ ബോധിപ്പിച്ചു.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും പ്രപഞ്ചം നിലനില്‍ക്കുന്നിടത്തോളം ഈ വിവരങ്ങള്‍ ഹാക്ക് ചെയ്യുക അസാധ്യമെന്നും യുഐഡിഎഐ കോടതിയെ അറിയിച്ചു. സുപ്രീം കോടതിയിലെ പവര്‍ പോയിന്റ് അവതരണത്തിലാണ് യുഐഡിഎഐ സിഇഒ ഇക്കാര്യം പറഞ്ഞത്.

ആധാറിനായി സ്വീകരിച്ച ബയോമെട്രിക് വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പോലും കൈമാറിയിട്ടില്ല. ദേശീയ അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സിഇഒ വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ആധാര്‍ പരിഹാരമല്ലെന്നും അഥോററ്റി കോടതിയെ അറിയിച്ചു.

അതേസമയം ബയോമെട്രിക് വെരിഫൈ ചെയ്യാന്‍ സാധിക്കാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നില്ലേ എന്ന് കോടതി ചോദിച്ചു. എന്തുകൊണ്ടാണ് 49,000 സ്വകാര്യ എന്റോള്‍മെന്റ് ഏജന്‍സികളുടെ അംഗീകാരം റദ്ദാക്കിയതെന്ന് കോടതി പവര്‍പോയിന്റ് അവതരണത്തിനിടെ കോടതി ചോദിച്ചു.

ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ യുഐഡിഎഐയ്ക്ക് ഇന്ന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കോടതി നടപടി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേടതാണ് തീരുമാനം. പവര്‍പോയിന്റ് അവതരണം നാളെയും തുടരും.