രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷിപ്പ് കടലിനടിയില്‍

single-img
21 March 2018

രണ്ടാം ലോകമഹായുദ്ധകാലത്ത് കടലിലാണ്ട് പോയ യുഎസ്എസ് ജൂനോ എന്ന അമേരിക്കന്‍ യുദ്ധക്കപ്പല്‍ കണ്ടെത്തി. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ എ അലന്‍ നേതൃത്വം നല്‍കുന്ന പര്യവേഷണസംഘമാണ് സോളമന്‍ ദ്വീപിന് സമീപം പസഫിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ കപ്പല്‍ കണ്ടെത്തിയത്.

സമുദ്രനിരപ്പില്‍ നിന്ന് നാല് കിലോമീറ്റര്‍ ആഴത്തിലായിരുന്നു കപ്പല്‍. 1942 നവംബറിലാണ് ജാപ്പനീസ് ടോര്‍പ്പിഡോ ആക്രമണത്തില്‍ കപ്പല്‍ തകര്‍ന്നത്. ആക്രമണത്തില്‍ കപ്പല്‍ രണ്ടായി പിളര്‍ന്ന് മുപ്പത് സെക്കന്റിനുള്ളില്‍ കടലില്‍ താഴ്ന്നു. 687 പേരുണ്ടായിരുന്ന കപ്പലില്‍ നിന്ന് 10 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

അമേരിക്കന്‍ നാവികസേന പില്‍ക്കാലത്ത് യുദ്ധവീരന്‍മാരായി വാഴ്ത്തിയ സള്ളിവന്‍സ് സഹോദരന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. സഹോദരങ്ങളെ ഒരേ യൂണിറ്റില്‍ സൈനികജോലിക്ക് നിയോഗിക്കില്ലെന്ന അമേരിക്കന്‍ നാവികനയം മറികടന്നായിരുന്നു ജോര്‍ജ്, ഫ്രാന്‍സിസ്, ജോസഫ്, മാഡിസണ്‍, ആല്‍ബര്‍ട്ട് എന്നീ സഹോദരങ്ങള്‍ ഒരു യൂണിറ്റില്‍ സേവനമനുഷ്ടിച്ചിരുന്നത്.

അമേരിക്കന്‍ യുദ്ധക്കപ്പലുകളായ യുഎസ്എസ് ലെക്‌സിങ്ടണ്‍, ഇന്ത്യാനാപോലിസ്, വാര്‍ഡ്, ജാപ്പനീസ് യുദ്ധക്കപ്പല്‍ മുസാഷി, ഇറ്റാലിയന്‍ യുദ്ധക്കപ്പല്‍ അര്‍ടിംഗ് ലിറെ എന്നിവയും തിരച്ചില്‍ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.