കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.പി ശോഭ കലന്ദലാജെയാണ് മുസ്ലീങ്ങള്‍ കൊലപ്പെടുത്തിയ ‘ഹിന്ദു ആക്ടിവിസ്റ്റുകളുടെ’ ലിസ്റ്റ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നല്‍കിയത്. 2014നുശേഷം ജിഹാദികള്‍ കൊലപ്പെടുത്തിയ ഇവരെ സംരക്ഷിക്കുന്നതില്‍ കര്‍ണാടകയിലെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചായിരുന്നു ശോഭയുടെ കത്ത്.
എന്നാല്‍ ഈ ലിസ്റ്റിലെ പകുതിയിലേറെയും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് സ്ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലിസ്റ്റില്‍ പരാമര്‍ശിച്ച 23 പേരുടെ കുടുംബങ്ങളുടെയും കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെയും മൊഴികളിലൂടെയാണ് സ്ക്രോള്‍.ഇന്‍ വ്യാജ പ്രചരണം തുറന്നുകാട്ടിയത്.
ലിസ്റ്റിലുള്ള 23 പേരില്‍ ഒരാള്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് സ്ക്രോള്‍.ഇന്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. മറ്റു രണ്ടുപേര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് അവരുടെ ബന്ധുക്കള്‍ പറഞ്ഞത്. രണ്ടുപേരെ അവരുടെ സഹോദരിമാര്‍ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പതിനാലുകേസുകളില് പ്രതികളില്‍ ഒരാള്‍ക്കുപോലും മുസ്ലിം സംഘടനകളുമായി ബന്ധമില്ല. ഒരു കേസില്‍ മാത്രം പൊലീസ് ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഒരാളുടെ പേര് അവ്യക്തമാണ്. പത്തുകേസുകളില്‍ മാത്രമാണ്, ബി.ജെ.പി എം.പി ആരോപിച്ചതുപോലെ, കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്.