സൗദി സ്വദേശിവത്ക്കരണം: 14,000 മലയാളി ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമാകും എന്നു റിപ്പോര്‍ട്ട്

single-img
21 March 2018

സൗദി അറേബ്യയില്‍ റെന്റ് എ കാര്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് തുടക്കമായതോടെ ഈ മേഖലയില്‍ തിരിച്ചടി നേരിട്ടു തുടങ്ങി എന്നു റിപ്പോര്‍ട്ടുകള്‍. ഭൂരിഭാഗവും വിദേശികള്‍ ജോലി ചെയ്തിരുന്ന ഈ മേഖലയില്‍ പകരം സ്വദേശികളെ കിട്ടാത്തതിനാല്‍ പ്രതിസന്ധി നേരിടുകയാണ്.

ഇതുമൂലം റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ പലതും അടച്ചു പൂട്ടി എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവശേഷിക്കുന്നവയില്‍ നിന്നു വിദേശികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിച്ചു. കുടുംബ ഡ്രൈവര്‍മാര്‍ അടക്കം 14 ലക്ഷം വിദേശ ഡ്രൈവര്‍മാര്‍ സൗദിയില്‍ ഉണ്ടെന്നാണ് കണക്കുകള്‍.

ജൂണില്‍ വനിതകള്‍ വാഹനം ഒടിച്ചു തുടങ്ങുന്നതോടെ 10 ലക്ഷം പ്രവാസി ഡ്രൈവര്‍മാര്‍ തൊഴില്‍ ഭീഷണി നേരിട്ടേക്കും എന്നും സൂചനകള്‍ ഉണ്ട്. റെന്റ് എ കാറുകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്ക്കാരണം നടപ്പിലായതോടെ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 14,000 മലയാളികള്‍ക്കു തൊഴില്‍ നഷ്ട്ടപ്പെടും.

രാജ്യത്തെ മുഴുവന്‍ മേഖലകളിലും റെന്റ് എ കാര്‍ ഓഫീസുകളില്‍ സ്വദേശിവത്കരണം ഉറപ്പാക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് തൊഴില്‍ മന്ത്രാലയം തീരുമാനിച്ചത്. ഇതിനാവശ്യമായ പരിശീലനം തൊഴില്‍ മന്ത്രാലയത്തിനും അനുബന്ധ വകുപ്പുകള്‍ക്കും കീഴില്‍ പൂര്‍ത്തിയാക്കിയിരുന്നു.

അതിനിടെ റിയല്‍ എസ്റ്റേറ്റ് ഫ്‌ളാറ്റ് ലോബി സ്വദേശിവത്ക്കരണത്തിനെതിരെ പരസ്യമായിരംഗത്ത് ഇറങ്ങിക്കഴിഞ്ഞു. സ്വദേശിവത്ക്കരണത്തിലും പൊതുമാപ്പിലും നാടുവിട്ട പതിനായിരക്കണക്കിനു പ്രവാസികള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റുകളില്‍ പലതും ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന നിലയിലാണ്.

ഇതിനിടയില്‍ 20 മേഖലകളില്‍ കുടി സ്വദേശിവത്ക്കരണം വ്യാപിപ്പിച്ചിട്ടുണ്ട്. ജനുവരിയില്‍ പ്രഖ്യാപിച്ച 12 മേഖലകള്‍ക്കു പുറമേ പുതിയതായി 8 മേഖലകളില്‍ കൂടി സ്വദേശിവത്ക്കരണം പ്രഖ്യാപിച്ചു കഴിഞ്ഞു.