ചെന്നൈ: കുളിമുറിയില്‍ കുഴഞ്ഞു വീണ ജയലളിത ആദ്യം ആശുപത്രിയില്‍ പോവാന്‍ വിസമ്മതിച്ചെന്ന് എ.ഐ.ഡി.എം.കെ വിമത നേതാവ് വി.കെ ശശികല. ജയലളിതയുടെ മരണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനോടാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്.
2016 സെപ്തംബര്‍ 22നാണ് ജയലളിത കുളിമുറിയില്‍ കുഴഞ്ഞു വീണത്. ആശുപത്രിയില്‍ പോവാന്‍ ജയലളിത ആദ്യം വിസമ്മതിച്ചെങ്കിലും ഡോക്ടറെ വിളിച്ച് ആംബുലന്‍സ് വിടാന്‍ താന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ശശികല പറഞ്ഞു. ആശുപത്രി വാസത്തിനിടെ നാലു തവണ ജയലളിതയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.
ഒ പനീര്‍ശെല്‍വവും, എം തമ്പിദുരൈയും അടക്കമുള്ള എഐഎഡിഎംകെ നേതാക്കള്‍ ജയലളിതയെ സന്ദര്‍ശിച്ചിരുന്നുവെന്നും ശശികല വ്യക്തമാക്കി. മൂന്നു മാസക്കാലത്തെ ആശുപത്രി വാസത്തിനിടെ തങ്ങളെ കാണാന്‍ പോലും അനുവദിച്ചില്ലെന്ന് പനീര്‍ശെല്‍വമടക്കമുള്ള നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.
രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ജയലളിതയെ കണ്ട് സംസാരിച്ചിരുന്നുവെന്നും ശശികല അറിയിച്ചു. എഴുതിത്തയ്യാറാക്കിയ രേഖയായാണ് ശശികല ഇക്കാര്യം കമ്മീഷനോട് വെളിപ്പെടുത്തിയത്. അഴിമതിക്കേസില്‍ ശിക്ഷ ലഭിച്ചത് അവരെ മാനസികബുദ്ധിമുട്ടിലാക്കിയിരുന്നു.
ചെന്നൈ അപ്പോളോ ആശുപത്രിയിലെ 75 ദിവസത്തെ ചികിത്സക്ക് ശേഷം ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിക്കുന്നത്. ആശുപത്രി വാസക്കാലത്ത് ജയലളിത വളരെ കുറച്ചു പേരെ മാത്രമേ സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ജയലളിത മരിച്ചയുടന്‍ എഐഎഡിഎംകെയുടെ നേതൃത്വം ഏറ്റെടുത്ത ശശികല ഒ പനീര്‍ശെല്‍വത്തോട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു.
പിന്നീട് പാര്‍ട്ടിയില്‍ വിഭാഗീയത വളരുകയും ഒരു വിഭാഗത്തിന്റെ നേതാവായി മാറിയ പനീര്‍ശെല്‍വം ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മരണത്തില്‍ ശശികലക്കും മരുമകന് ടിടിവി ദിനകരന് പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. നീണ്ടകാലം ജയലളിതയുടെ തോഴിയായിരുന്ന ശശികല അഴിമതിക്കേസില്‍ ജയില്‍വാസം അനുഷ്ടിച്ചുവരികയാണ്.