വൈകല്യങ്ങളെ അതിജീവിച്ചവരുടെ കരുത്തുറ്റന്‍ പ്രകടനങ്ങളുമായി സ്‌പെഷ്യല്‍ ഒളിമ്പിക്‌സ്

single-img
21 March 2018

അബുദാബി: വൈകല്യങ്ങളെ അതിജീവിച്ചു കരുത്തന്‍ പ്രകടനങ്ങളുമായി സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് അബുദാബി എക്‌സിബിഷന്‍ സെന്ററില്‍. 2019ല്‍ അബുദാബിയില്‍ നടക്കാനിരിക്കുന്ന ഭിന്നശേഷിക്കാരുടെ ലോക ഒളിമ്പിക്‌സിന് മുന്നോടിയായാണ് മിന സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന് അബുദാബി വേദിയായത്.

മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്കന്‍ മേഖലകളില്‍നിന്നുള്ള രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഒന്‍പതാമത് സ്‌പെഷ്യല്‍ ഒളിമ്പിക്‌സാണിത്. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് മേള നടക്കുന്നത്.

31 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം മത്സരാര്‍ഥികളാണ് ഒളിമ്പിക്‌സിന്റെ ഭാഗമാവുന്നത്. നാഷണല്‍ എക്‌സിബിഷന്‍ സെന്ററിന് പുറമേ സായിദ് സ്‌പോര്‍ട്‌സ് സിറ്റി, യാസ് മറീന സര്‍ക്യൂട്ട്, അബുദാബി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി, ഓഫീസേഴ്‌സ് ക്ലബ്ബ്, മുബദല അരീന, അല്‍ ജസീറ സ്‌പോര്‍ട്‌സ് ക്ലബ്ബ്, അല്‍ ഫര്‍സാന്‍ ക്ലബ്ബ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

16 ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. യു.എ.ഇയെ പ്രതിനിധീകരിച്ച് നൂറോളം മത്സരാര്‍ഥികളാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. മാര്‍ച്ച് 23ന് ആണ് ഒളിമ്പിക്‌സ് സമാപിക്കുക.