video, Videos

റോഡിലൂടെ മുട്ടിലിഴഞ്ഞ് നീങ്ങുന്ന കുഞ്ഞ്; ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ കുഞ്ഞുജീവന്‍ രക്ഷിച്ചു (വീഡിയോ)

 

ബേബീസ് ഡേ ഔട്ട് എന്ന സിനിമ കണ്ടവര്‍ ഒരിക്കലും മറക്കാത്ത രംഗങ്ങളാണ് അതിലെ കുഞ്ഞ് റോഡിലൂടെയും മറ്റും ഇഴഞ്ഞുനീങ്ങുന്നത്. നെഞ്ചിടിപ്പോടെയല്ലാതെ ആ രംഗങ്ങള്‍ കാണാന്‍ സാധിക്കില്ല. അതുപോലൊരു സംഭവം കഴിഞ്ഞ ദിവസം വിയറ്റ്‌നാമില്‍ നടന്നു.

 

ഒരു കുഞ്ഞ് തിരക്കേറിയ റോഡിലൂടെ മുട്ടിലിഴഞ്ഞ് റോഡ് മുറിച്ചുകടക്കുന്നത്. ഇതിനിടെ ഒരു ലോറി പാഞ്ഞുവന്നെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. വിയറ്റ്മാനിലെ ഖ്വാങ് നിമിലാണ് സംഭവം. ലോറിയുടെ പിറകില്‍ വന്ന കാറിലിരുന്നവര്‍ എടുത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായത്.

ദൃശ്യങ്ങളില്‍ കുഞ്ഞ് റോഡ് ക്രോസ് ചെയ്യുന്നതും ലോറി പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയിരിക്കുന്നതും വ്യക്തമാണ്. ഈ ലോറി ഡ്രൈവര്‍ നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പാഞ്ഞുവന്ന കാറും നിര്‍ത്തിയത്. നിര്‍ത്തിയ വാഹനത്തിന്റെ ഡാഷ്‌കാമിലാണ് ചിത്രം പതിഞ്ഞത്.

വളവുതിരിഞ്ഞുവന്നപ്പോള്‍ കുട്ടിയെ കാണാനിടയായത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് കാര്‍ ഡ്രൈവര്‍ പറയുന്നു. ലോറി നിര്‍ത്തിയിട്ടിരുന്നതുകൊണ്ട് മാത്രമാണ് അത് ശ്രദ്ധയില്‍പെട്ടതെന്നും കാര്‍ ഡ്രൈവര്‍ പറഞ്ഞു. വാഹനം നിര്‍ത്തിയയുടന്‍ റോഡിന്റെ മറുഭാഗത്തുനിന്നും ഒരു സ്ത്രീ ഓടിവരുന്നതും മീഡിയന്‍ ചാടിക്കടന്ന് കുട്ടിയെ വാരിയെടുക്കുന്നതും കാണാം.

മറ്റ് വഴിയാത്രക്കാര്‍ അവരുടെ അടുത്തേക്ക് വരുന്നതിനിടെ അവര്‍ റോഡ് ക്രോസ് ചെയ്ത് പോകുന്നതും വീഡിയോയിലുണ്ട്. റോഡ് ക്രോസ് ചെയ്ത് യുവതി എന്തോ ആവശ്യത്തിന് പോയ സമയത്ത് വാഹനത്തിലിരുന്ന കുരുന്ന് അതിന്റെ തുറന്നുകിടന്ന ഡോറിലൂടെ പുറത്തിറങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. അമ്മ പോയവഴിയെ കുഞ്ഞ് റോഡ് മുറിച്ച് കടക്കുകയായിരുന്നു.