ബീഫിന്റെ പേരില്‍ കൊലപാതകം: ബിജെപി നേതാവ് ഉള്‍പ്പെടെ 11 പേര്‍ക്ക് ജീവപര്യന്തം

single-img
21 March 2018

ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ അലിമുദ്ധീന്‍ അന്‍സാരിയെന്ന മുസ്‌ലിം മധ്യവയസ്‌കനെ അടിച്ചുകൊന്ന കേസില്‍ 11 ഗോരക്ഷ ഗുണ്ടകള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. രാംഗഡ് പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഗോരക്ഷയുടെ പേരിലുള്ള കൊലക്കേസിലെ രാജ്യത്തെ ആദ്യത്തെ ശിക്ഷ വിധിയാണ് ഇത്.

ബിജെപി രാംഘഡ് യൂണിറ്റ് മിഡീയാ ഇന്‍ ചാര്‍ജായിരുന്ന നിത്യനാഥ് മെഹ്‌തോയും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. പതിനൊന്നു പേരില്‍ മൂന്നു പേര്‍ക്കെതിരെ ഗുഢാലോചനക്കുറ്റം സംശയാതീതമായി തെളിഞ്ഞതായി റാംഗഡ് കോടതി കണ്ടെത്തി.

മൂന്നു പേര്‍ ഗോ രക്ഷാ സമിതി പ്രവര്‍ത്തകരാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നാണ് അലിമുദീനെ അന്‍പതോളം വരുന്ന ജനക്കൂട്ടം മര്‍ദിച്ചുകൊന്നത്. വാന്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് അലിമുദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്ഥാനത്തു കശാപ്പ് നിരോധിച്ചതിനു പിന്നാലെയുണ്ടായ സംഭവം ദേശീയ തലത്തില്‍ വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.