തലച്ചോറിന് ശസ്ത്രക്രിയ നടക്കുന്നതിനിടയില്‍ സെല്‍ഫിയും ചാറ്റിംഗുമായി യുവതി

single-img
21 March 2018

സര്‍ജറി നടക്കുന്ന സമയത്ത് രോഗിയായ യുവതിയെടുത്ത സെല്‍ഫിയും വീട്ടുകാരുമായി നടത്തിയ ചാറ്റിംഗുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മെല്‍ബണിലെ റോയല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്.

പത്തൊന്‍പതുകാരിയായ ജെസ്സ് ബാനിക്കിന് പൂര്‍ണ്ണബോധത്തോടെയാണ് തലച്ചോറിനുള്ളിലെ സര്‍ജറി നടത്തിയത്. നാല് വയസുമുതല്‍ ജസ്സിനെ ബാധിച്ച അപസ്മാരത്തിനായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രണ്ട് സര്‍ജറികള്‍ നടത്തിയിരുന്നു.

അവസാനം നടന്ന സര്‍ജറിയില്‍ ബോധം കെടുത്തിയിരുന്നില്ല. ഇതിനിടെയിലാണ് തന്റെ ഫോണില്‍ സെല്‍ഫി പകര്‍ത്തി വീട്ടുകാര്‍ക്ക് അയച്ചു കൊടുത്തത്. അമ്മയ്ക്കാണ് ജെസ്സ് മെസേജ് അയച്ചത്. എല്ലാം നന്നായി പോകുന്നുവെന്ന് ഓപ്പറേന്‍ തീയറ്ററില്‍ നിന്നയച്ച മെസേജില്‍ പറയുന്നു.

ഇത് കണ്ട അമ്മ അന്തം വിട്ട് പോയി എന്ന് വേണം പറയാന്‍. തലച്ചോറിലെ സ്പീച്ച് അന്റ് മൂവ്‌മെന്റ് പാര്‍ട്ടിനെ സംരക്ഷിക്കാനാണ് ബോധം കെടുത്താതെയുള്ള സര്‍ജറിക്ക് ഡോക്ടര്‍മാര്‍ തയ്യാറായത്. ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ വെച്ച് ജെസ്സ് സെല്‍ഫി അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

സര്‍ജറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പേടിയാണെന്ന് ജെസ്സ് പറയുന്നു. സര്‍ജറിയില്‍ സംഭവിക്കുന്നതെല്ലാം തനിക്ക് അറിയാന്‍ സാധിച്ചിരുന്നുവെന്നും ജെസ്സ് വ്യക്തമാക്കി. ഇനിയുള്ള ഒരു വര്‍ഷം കൃത്യമായി നിരീക്ഷിച്ച് അപസ്മാര സാധ്യത ഉണ്ടാവില്ലെന്ന് തീര്‍ച്ചപ്പെടുത്തിയതിന് ശേഷം ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനുള്ള തീരുമാനത്തിലാണ് ജെസ്സ്.