ചക്കയുടെ ‘സമയം തെളിഞ്ഞു’: ഇനി കേരളത്തിന്റെ ഔദ്യോഗിക ഫലം

single-img
21 March 2018

തിരുവനന്തപുരം: ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലമായി ചക്കയെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ചക്കയുടെ ഉത്പാദനവും വില്‍പ്പനയും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി സുനില്‍ കുമാര്‍ വ്യക്തമാക്കി. കൃഷി വകുപ്പ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ തന്നെ സര്‍ക്കാരിന് കൈമാറിയിരുന്നു.

ചക്കയില്‍ നിന്നും 15,000 കോടിയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചക്ക സംസ്ഥാനത്ത് വന്‍തോതില്‍ ഉണ്ടെങ്കിലും അതിന്റെ ഗുണം പൂര്‍ണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല. ഔദ്യോഗിക ഫലപ്രഖ്യാപനത്തിലൂടെ ഈ കുറവ് മറികടക്കാന്‍ സാധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.

പ്രതിവര്‍ഷം 32 കോടി ചക്ക കേരളത്തില്‍ ഉത്പാദിക്കപ്പെടുന്നുണ്ടെങ്കിലും അതില്‍ 30 ശതമാനവും നശിച്ചു പോകുന്നുവെന്നാണ് കണക്കുകള്‍. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് നടീല്‍ വര്‍ദ്ധിക്കുമെന്നും ചക്ക നശിക്കുന്നത് തടയാനും സാധിക്കുമെന്നാണ് പ്രതീക്ഷ.