ഫെയ്‌സ് ബുക്ക് ഡിലീറ്റ് ചെയ്യണമെന്ന ആഹ്വാനവുമായി വാട്‌സ് ആപ്പ് സഹസ്ഥാപകന്‍

single-img
21 March 2018

ബ്രിട്ടന്‍ ആസ്ഥാനമായുള്ള കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഫെയ്‌സ്ബുക്കിന് എതിരായി തിരിഞ്ഞ് വാട്‌സ്ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടന്‍.

ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ബ്രയാന്‍ ട്വീറ്റ് ചെയ്തു. ബ്രയാന്‍ ആക്റ്റിന്റെ വെരിഫൈ ചെയ്യാത്ത ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഡിലിറ്റ് ഫെയ്‌സ്ബുക്ക് എന്ന ഹാഷ്ടടാഗിലുള്ള ആഹ്വാനം. മണിക്കൂറുകള്‍ കൊണ്ട് ആയിരങ്ങള്‍ ഇത് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

ബ്രിട്ടീഷ് ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റികയിലെ മുന്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ വെയ്‌ലി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകര്‍ക്കുവേണ്ടി ഫെയ്‌സ്ബുക്കില്‍ നിന്ന് അഞ്ച് കോടിയിലേറെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ജാന്‍ കൗമിനോട് കൂടെ ബ്രയാന്‍ ആക്റ്റ് 2009ല്‍ ഉണ്ടാക്കിയ വാട്‌സ് ആപ്പ് മെസഞ്ചര്‍ 2014ല്‍ ഫെയ്‌സ്ബുക്കിന് വിറ്റിരുന്നു. 1900 കോടി ഡോളറിനായിരുന്നു വില്‍പന. ക്രേംബിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം പുറത്തായതോടെ വിപണയില്‍ ഫെയ്‌സ്ബുക്ക് ഓഹരികള്‍ക്ക് വന്‍ ഇടിവ് നേരിട്ടിരുന്നു.

കേംബ്രിഡ്ജ് അനലിറ്റക്കയ്ക്ക് വേണ്ടി ജോലി ചെയ്തിരുന്ന ക്രിസ്റ്റഫര്‍ വൈലിയാണ് വിവരം ചോര്‍ത്തിയെന്ന് വെളിപ്പെടുത്തിയത്. യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പടക്കം വിവിധ തിരഞ്ഞെടുപ്പുകളുടെ വിധിയെ സ്വാധിനിക്കാന്‍ അനലിറ്റിക്ക ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.