Latest News

കീഴാറ്റൂരില്‍ കച്ചമുറുക്കി സി.പി.എം.: വയല്‍കിളികളെ പ്രതിരോധിക്കാന്‍ ‘നാടിന് കാവല്‍’ എന്ന പേരില്‍ പന്തല്‍ കെട്ടി സമരം

സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയ കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍കിളികളുടെ സമരത്തെ നേരിടാന്‍ സി.പി.എം നേരിട്ട് രംഗത്തെത്തുന്നു. വയല്‍കിളികള്‍ക്കെതിരെ നാടിന് കാവല്‍ എന്ന പേരില്‍ പ്രതിരോധസമരം നടത്താനാണ് സിപിഎം തീരുമാനം. പ്രതിരോധപരിപാടികളുടെ ഭാഗമായി കീഴാറ്റൂരില്‍ കാവല്‍പ്പുര എന്ന പേരില്‍ സിപിഎം സമരപ്പന്തല്‍ കെട്ടും.

വരുന്ന 24ാം തീയതി തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് ബഹുജനമാര്‍ച്ച് നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. കീഴാറ്റൂര്‍ സംരക്ഷണ ജനകീയ സമിതി എന്ന ബദല്‍ സംഘടന രൂപീകരിച്ചാവും സിപിഎമ്മിന്റെ പ്രക്ഷോഭം. രണ്ടാം ഘട്ട സമരമെന്ന നിലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനിടെ വയല്‍ കിളികളുടെ നേതൃത്വത്തില്‍ ഞായാറാഴ്ച വമ്പിച്ച പ്രതിഷേധ പരിപാടിക്ക് കീഴാറ്റൂരില്‍ തുടക്കം കുറിക്കാനിരിക്കെയാണ് ഒരു മുഴം മുന്നെ സി.പി.എം മറ്റൊരു സമരത്തിന് തുടക്കം കുറിക്കുന്നത്.

തളിപ്പറമ്പിലെ എല്ലാ ഏരിയാ കമ്മിറ്റികളില്‍ നിന്നും പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും മാര്‍ച്ച്. തുടര്‍ന്ന് തളിപ്പറമ്പില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്തും. കീഴാറ്റൂരിലുള്ളവര്‍ സമരത്തിന് എതിരല്ലെന്നും പുറത്ത് നിന്ന് ആളെക്കൂട്ടി സംഘര്‍ഷത്തിന് കോപ്പുകൂട്ടുകയാണെന്നുമാണ് സി.പി.എം പ്രചാരണം. അതുകൊണ്ടു തന്നെയാണ് നാടിന് കാവല്‍ എന്ന പേരില്‍ സമരത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സമരപ്പന്തല്‍ തകര്‍ക്കുകയും സമരം തകര്‍ത്ത് ബൈപ്പാസ് റോഡിന് കല്ലിടുകയും ചെയ്തതോടെ പ്രശ്‌നം അവസാനിച്ചുവെന്നായിരുന്നു സി.പി.എം നേതൃത്വം കരുതിയത്. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കീഴാറ്റൂരിലെ സമരക്കാര്‍ക്ക് പിന്തുണ ലഭിച്ചതോടെയാണ് നേരിട്ടിറിങ്ങി രണ്ടാംഘട്ട സമരത്തെ നേരിടുക എന്ന ലക്ഷ്യത്തോടെ സി.പി.എം രംഗത്തെത്തിയിരിക്കുന്നത്.

കീഴാറ്റൂരില്‍ സമരം നടത്തുന്നത് വയല്‍ കിളികളല്ല വയല്‍ കഴുകന്‍മാരാണെന്ന പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ പ്രസ്താവനയും ഏറെ വിവാദമായിരുന്നു.