ലോകത്തിലെ ഏറ്റവും നീളമുള്ള മണല്‍ക്കല്ല് ഗുഹ കണ്ടെത്തി

single-img
21 March 2018


മേഘാലയയിലാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ നീളമുള്ള മണല്‍ക്കല്ല് ഗുഹ കണ്ടെത്തിയത്. 24,583 മീറ്ററാണ് ഗുഹയുടെ നീളം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുഹ കണ്ടെത്തിയിരുന്നുവെങ്കിലും ഈ വര്‍ഷം നടന്ന പരിശോധനകള്‍ക്കൊടുവിലാണ് ഗുഹയുടെ വലിപ്പം അളന്ന് തിട്ടപ്പെടുത്തിയത്.

നിലവില്‍ ഏറ്റവും നീളമുണ്ടായിരുന്ന മണല്‍ക്കല്ല് ഗുഹ വെനസ്വേലയിലെ കുയേവഡെല്‍സമാന്‍ ഗുഹയായിരുന്നു.18,200 മീറ്ററായിരുന്നു ഈ ഗുഹയുടെ നീളം. ഇപ്പോള്‍ കണ്ടെത്തിയതിന് 6000 മീറ്ററിലധികം നീളമുണ്ട്. മേഘാലയ അഡ്വഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ഗുഹയില്‍ പരിശോധന നടന്നത്.

യുകെ, അയര്‍ലണ്ട്, റൊമാനിയ, സ്വിറ്റ്‌സര്‍ലണ്ട്, പോളണ്ട്, നെതര്‍ലന്റ്്‌സ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പര്യവേഷകരാണ് പരിശോധന നടത്തിയത്.