ഗള്‍ഫ് നാട്ടില്‍ കഥകളിയില്‍ മിന്നും താരമായി ആറാം ക്ലാസുകാരന്‍

single-img
21 March 2018

അബുദാബി: ഗള്‍ഫ് നാട്ടില്‍ കഥകളിയില്‍ മിന്നും താരമായി ഒരു ആറാം ക്ലാസുകാരന്‍. കഥകളിയാചാര്യന്‍ കലാമണ്ഡലം ഗോപിയാശാനൊപ്പം വേദിയിലെത്താനായതിന്റെ സന്തോഷത്തിലാണ് അദ്വൈത് എന്ന കൊച്ചുമിടുക്കന്‍. അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് അദ്വൈത് അനൂപ്.

ആറാം വയസ്സില്‍ കലാമണ്ഡലം ഗോപി ആശാനില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് കഥകളി പഠനം തുടങ്ങിയത്. യു.എ.യിലെ നിരവധി കലാവേദികളിലെ കഥകളി വിഭാഗത്തിലെ സ്ഥിരം സാന്നിധ്യമാണ് ഈ കൊച്ചു മിടുക്കന്‍. ഇതിനോടകം കലാമണ്ഡലം ഗോപി ആശാന്‍ ഉള്‍പ്പടെയുള്ള കഥകളിയിലെ കുലപതികളോടൊപ്പം വേദി പങ്കിടുകയും ചെയ്തു കഴിഞ്ഞു അദ്വൈത്.

കലാമണ്ഡലം ഷണ്മുഖനാണ് ഈ മിടുക്കന്റെ ഗുരു. സ്‌കൂള്‍ അവധിക്കു നാട്ടില്‍ പോകുമ്പോള്‍ നേരിട്ടും, അബുദാബിയില്‍ ആയിരിക്കുമ്പോള്‍ സ്‌കൈപ്പിലൂടെയുമാണ് കഥകളി അഭ്യസിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശികളായ അനൂപിന്റെയും, രേഖയുടെയും രണ്ടാമത്തെ മകനാണ് അദ്വൈത്.

അച്ഛന്റെ കഥകളി കമ്പമാണ് അ്വൈദത് കഥകളി പഠിക്കാനും അവതരിപ്പിക്കാനും കാരണം. കുഞ്ഞുന്നാള്‍ മുതല്‍ തന്നെ അച്ഛനോടൊപ്പം കഥകളി ആസ്വദിക്കാന്‍ ഈ മിടുക്കനും പോകുമായിരുന്നു. കഥകളിയുടെ കൂടുതല്‍ തലങ്ങള്‍ പഠിക്കണമെന്ന ധൃഢനിശ്ചയത്തിലാണ് അദ്വൈത്.