Kerala

മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭനാ ജോര്‍ജ്ജ് ഇടത് മുന്നണിയിലേക്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭനാ ജോര്‍ജ്ജ് ഇടത് മുന്നണിയിലേക്ക് ചേക്കേറുന്നു. ഇന്ന് വൈകിട്ട് ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ശോഭന പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്.

കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശോഭന ജോര്‍ജ് 3966 വോട്ടുകള്‍ നേടിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണമായില്ലെങ്കിലും കോണ്‍ഗ്രസുമായി ഇതോടെ ശോഭന ജോര്‍ജ്ജ് അകലുകയായിരുന്നു. പിന്നീട് ചെങ്ങന്നൂരില്‍ പൊതുരംഗത്ത് തുടര്‍ന്നെങ്കിലും ഒരു മുന്നണിയുടേയും ഭാഗമായിരുന്നില്ല.

1991 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ ചെങ്ങന്നൂരില്‍ നിന്ന് വിജയിച്ചിട്ടുണ്ട് ശോഭന ജോര്‍ജ്. 2006 ല്‍ ശോഭന ജോര്‍ജിന് പകരം കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ സീറ്റ് നല്‍കിയത് പി.സി വിഷ്ണുനാഥിനായിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിലും സീറ്റ് കിട്ടാതെ വന്നതോടെ അവര്‍ വിമതയായി മത്സരിച്ചു.

അതോടെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടു. കെ.കെ രാമചന്ദ്രന്‍നായരുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സിപിഎം സ്ഥാനാര്‍ഥിയായി സജി ചെറിയാന്റെ പേര് കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ച ശേഷം ശോഭന ജോര്‍ജിന്റെ വീട്ടിലെത്തി സജി ചെറിയാനും കോടിയേരിയും ചര്‍ച്ചനടത്തി. ഈ കൂടിക്കാഴ്ചയില്‍ ഇടതുപക്ഷത്തേക്ക് ശോഭന ജോര്‍ജിനെ അവര്‍ സ്വാഗതം ചെയ്യുകയും ചെയ്തു.