ബിജെപിയ്‌ക്കെതിരെ ഒളിയമ്പുമായി നിതീഷ് കുമാറും: ‘സമൂഹത്തെ വിഭജിക്കുന്നവര്‍ക്കൊപ്പം നില്‍ക്കില്ല’

single-img
20 March 2018

പാട്‌ന: ബിജെപി നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ രംഗത്ത്. സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പറയുന്നവരോട് ഒത്തുതീര്‍പ്പില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

”ഞങ്ങളുടെ നയം വളറെ വ്യക്തമാണ്. സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണയ്ക്കില്ല. അഴിമതിയോടും ഒത്തുതീര്‍പ്പില്ല. സാമൂഹ്യ ഐക്യത്തിലും എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകുന്നതിലുമാണ് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നത്”.നിതീഷ് കുമാര്‍ വ്യക്തമാക്കി.

എല്ലാവര്‍ക്കും സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയക്കാര്‍ ദിവസം തോറും നിരവധി പ്രസ്താവനകള്‍ നടത്താറുമുണ്ട്. പക്ഷേ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും ഇതുമായി ബന്ധിപ്പിക്കരുത്. അതെല്ലാം അതുപോലെ തന്നെ തുടരും. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗും, അശ്വനി ചൗബേയും നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉപതെരഞ്ഞെടുപ്പ് നടന്ന അരാരിയില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ മണ്ഡലം തീവ്രവാദികളുടെ കേന്ദ്രമാകുമെന്ന ഗിരിരാജ സിംഗിന്റെ പരാമര്‍ശം വിവാദമായിരുന്നു. വര്‍ഗീയ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ ബിഹാര്‍ നിയമസഭയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്നാണ് മന്ത്രിമാരുടെ പ്രസ്താവനയെ തള്ളി നിതീഷ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ബിഹാര്‍ സഖ്യത്തില്‍നിന്നും പിന്‍മാറി നിതീഷ് കുമാര്‍ ബിജെപി സഖ്യത്തിലേക്ക് ചുവടുമാറ്റുന്നത്.