ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ അന്തരിച്ചു

single-img
20 March 2018

അഴിമതിക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ. ജനറല്‍സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍ (76)അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.
അഞ്ചുമാസംമുന്‍പ് കരള്‍, വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജനെ രണ്ടാഴ്ചമുന്‍പാണ് വീണ്ടും ആശുപത്രിയിലാക്കിയത്. ശനിയാഴ്ച രാത്രി കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിഞ്ഞത്.

അതേസമയം, ബെംഗളൂരു ജയിലിലുള്ള ശശികല സംസ്കാരത്തിൽ പങ്കെടുക്കാൻ എത്തിയേക്കുമെന്നാണു വിവരം. കഴിഞ്ഞ ഒക്ടോബറിൽ ഭർത്താവിനെ കാണാൻ പരോൾ അനുവദിച്ചിരുന്നതിനാൽ ഇത്തവണ അനുമതി നൽകിയിരുന്നില്ല.

വര്‍ഷങ്ങളായി പൊതുരംഗത്ത് സജീവമല്ലാത്ത നടരാജന്‍ ജയലളിതയുടെ മരണശേഷമാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. എ.ഐ.എ.ഡി.എം.കെ.യുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നില്ലെങ്കിലും ഒ.പനീര്‍ശെല്‍വം വിമതസ്വരമുയര്‍ത്തിയപ്പോഴടക്കം ശശികലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അനധികൃതസ്വത്ത് കേസില്‍ ജയിലില്‍ പോകേണ്ടിവന്നപ്പോള്‍ നടരാജനെ പാര്‍ട്ടിയില്‍നിന്ന് അകറ്റിനിര്‍ത്തിയ ശശികല എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വം സഹോദരീപുത്രന്‍ ടി.ടി.വി.ദിനകരനെയാണ് ഏല്‍പ്പിച്ചത്.

ജയലളിതയുടെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കത്തില്‍ നടരാജനായിരുന്നു പ്രധാനപ്പെട്ട ഉപദേശകരില്‍ ഒരാള്‍. 1989-ലെ തിരഞ്ഞെടുപ്പില്‍ നടരാജനാണ് ജയലളിതയുടെ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായക പങ്കു വഹിച്ചത്. പക്ഷേ, അതിനുശേഷം ജയലളിത നടരാജനുമായി തെറ്റി.

നടരാജന്‍ കൂടുതല്‍ കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നതായി മനസ്സിലാക്കിയതോടെ നടരാജനെ ജയലളിത പോയസ്തോട്ടത്തിലെ വീട്ടില്‍ നിന്ന് പുറത്താക്കി. 1991-നും ’96-നുമിടയില്‍ നടരാജനെ തള്ളിപ്പറഞ്ഞുകൊണ്ട് ജയലളിത പരസ്യപ്രസ്താവനകള്‍ തന്നെയിറക്കിയിരുന്നു. പിന്നീടങ്ങോട്ട് ജയലളിതയുടെ നല്ല പുസ്തകത്തില്‍ നടരാജന് സ്ഥാനമുണ്ടായിരുന്നില്ല.