മരത്തില്‍ നിന്നും ഉത്ഭവിക്കുന്ന അരുവി: വീഡിയോ

single-img
20 March 2018

യൂറോപ്യന്‍ രാജ്യമായ മോണ്ടിനെഗ്രോയിലാണ് മരത്തില്‍ നിന്ന് ഉത്ഭവിക്കുന്ന അരുവിയുള്ളത്. കനത്ത മഴ പെയ്തു കഴിയുമ്പോഴാണ് ഈ മരത്തില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകുക. മള്‍ബറി ഇനത്തില്‍ പെട്ട മരത്തിന്റെ പൊത്തില്‍ കൂടിയാണ് വെള്ളം മണ്ണിനടിയില്‍ നിന്നു പുറത്തേക്കൊഴുകുന്നത്.

ഒരിക്കല്‍ ശക്തമായി മഴ പെയ്താല്‍ ഇരുപത്തി നാല് മണിക്കൂറ് വരെ ഈ മള്‍ബറി മരത്തിന്റെ പൊത്തില്‍ നിന്ന് വെള്ളം ഒഴുകിക്കൊണ്ടിരിക്കും. പുറത്തേക്കുള്ള ഈ ഒരു അരുവി ഒഴുകാന്‍ കാരണം ഭൂമിക്കടിയില്‍ രൂപപ്പെടുന്ന അനേകം ഉറവകളാണ്. ഈ ഉറവകളില്‍ നിന്നുള്ള ജലം ഭൂമിയുടെ അടിയില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദത്താലാണ് വെള്ളം വേരുകള്‍ക്കിടയിലൂടെ മരത്തിന്റെ ഉള്ളിലെത്തി പൊത്തിലൂടെ പുറത്തേക്കു വരുന്നത്.

150 വര്‍ഷത്തോളം പഴക്കമുള്ള ഈ വൃക്ഷത്തിലൂടെ വെള്ളം പുറത്തേക്കു വരുന്ന പ്രതിഭാസം തുടങ്ങിയത് ഇരുപത്തി അഞ്ച് വര്‍ഷം മുന്‍പാണ്. നൂറ് വര്‍ഷമാണ് ഒരു മള്‍ബറി വൃക്ഷത്തിന്റെ പരമാവധി ആയുസ്സ്. എന്നാല്‍ ഇപ്പോള്‍ ഈ മരത്തിന്റെ ഉള്ള് ഏതാണ്ട് പൂര്‍ണ്ണമായും പൊള്ളയായ അവസ്ഥയിലാണ്. ഇതാണ് ഒരു കുഴല്‍ പോലെ മണ്ണിനടിയില്‍ നിന്ന് വെള്ളം ഈ മരത്തിലൂടെ പുറത്തേക്കൊഴുകാന്‍ കാരണവും.