ഇന്ത്യ മുഴുവനും ചുറ്റിക്കറങ്ങി ആ തിമിംഗലം ഒമാനില്‍ തിരിച്ചെത്തി; ശാസ്ത്രലോകം അമ്പരപ്പില്‍

single-img
20 March 2018

ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്ന് കഴിഞ്ഞ നവംബറില്‍ ദേശാടനം തുടങ്ങിയ ‘ലുബാന്‍’ എന്ന കൂനന്‍ തിമിംഗലം ഒമാന്‍ ഉള്‍ക്കടലില്‍ തിരികെയത്തി. രണ്ടുമാസം കൊണ്ട് അയ്യായിരത്തിലേറെ കിലോമീറ്റര്‍ കേരളം ഉള്‍പ്പെടെ ചുറ്റി കറങ്ങിയാണ് ഈ തിമിംഗലം ഒമാനില്‍ തിരിച്ചെത്തിയത്.

വംശനാശഭീഷണി നേരിടുന്ന കൂനന്‍ തിമിംഗലങ്ങളില്‍ പതിനാലെണ്ണം മാത്രമാണ് ഒമാന്‍ ഉള്‍ക്കടലിലുള്ളത്. ഇക്കൂട്ടത്തിലെ ഏകപെണ്‍ തിമിംഗലമാണ് ലുബാന്‍. ഉപഗ്രഹങ്ങളുടെ സഹായത്തോടെയായിരുന്നു ഈ തിമിംഗലത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചത്. ഒമാന്‍ എന്‍വയോണ്‍മെന്റ് സൊസൈറ്റി ഘടിച്ച റേഡിയോ ട്രാന്‍സിസ്റ്റര്‍ വഴിയും തിമംഗലത്തിന്റെ നീക്കങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി.

അറബിക്കടല്‍ വഴി കിഴക്കോട്ട് തിരിഞ്ഞായിരുന്നു സഞ്ചാരം. മണിക്കൂറില്‍ നാലുമുതല്‍ അഞ്ചുമൈല്‍ വേഗത്തിലായിരുന്നു ഇവളുടെ യാത്ര. ഡിസംബര്‍ പകുതിയോടെ ലുബാന്‍ ഗോവന്‍ തീരത്തെത്തി. ഡിസംബര്‍ 31ന് ലുബാന്‍ കൊച്ചി ഉള്‍ക്കടലിലും എത്തി.

തുടര്‍ന്ന് കേരളത്തിലെ ഗവേഷകരും ലുബാന്റെ ചലനങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു. ആലപ്പുഴ, തിരുവനന്തപുരം എന്നിവടങ്ങിലൂടെ ശ്രീലങ്കയിലേക്കും നീണ്ടു ഈ ഐതിഹാസിക യാത്ര. പക്ഷേ പിന്നീട് ലുബാനില്‍ ഘടിപ്പിച്ച ട്രാന്‍സിസ്റ്റര്‍ തകരാറിലായതോടെ പിന്നീടുള്ള വിവരങ്ങള്‍ ലഭിക്കാതായി.

എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും വന്നവഴിയേ തന്നെ ലുബാന്‍ തിരിച്ചു മടങ്ങിയെന്നാണ് ഇപ്പോള്‍ ശാസ്ത്രലോകം വ്യക്തമാക്കുന്നത്. ലുബാന്‍ തിരിച്ച് മസീറ ഉള്‍ക്കടലില്‍ എത്തിയതായി ഒമാന്‍ എന്‍വയോണ്‍മെന്റ് സൊസൈറ്റി കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

യാത്ര കഴിഞ്ഞ് ലുബാന്‍ മടങ്ങിയെത്തിയെങ്കിലും എന്തിനായിരുന്നു ഈ അസാധാരണ യാത്ര എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സാധാരണ കൂനന്‍ തിമിംഗലങ്ങള്‍ ഇത്തരത്തില്‍ യാത്ര നടത്താത്തതും ശാസ്ത്രലോകത്തെ ആശങ്കപ്പെടുത്തുന്നു.

ഇണയെ തേടിയുള്ള യാത്രയായിരുന്നെന്നും അതല്ല ഇഷ്ടഭക്ഷണമായ മത്തിയും കൊഞ്ചും തേടിയുള്ളതാകാം ഈ യാത്രയെന്നുമാണ് ഉയരുന്ന വാദങ്ങള്‍. വരും ദിവസങ്ങളില്‍ ലുബാന്റെ യാത്രയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്നാണ് പ്രതീക്ഷ. 16 മീറ്ററിലേറെ വലിപ്പമുള്ള ലുബാന് 36,000 കിലോഗ്രാമാണ് ഭാരം