കൊച്ചിയിലെ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് മല്‍സരത്തിനെതിരെ എതിര്‍പ്പ് ശക്തം

single-img
20 March 2018

കൊച്ചി: നവംബറില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന മത്സരം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റിയതില്‍ എതിര്‍പ്പ് ശക്തമാകുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം സംഘടിപ്പിക്കുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സി.കെ.വിനീതും ഇയാന്‍ ഹ്യൂമും കടുത്ത പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയതിനു പിന്നാലെ ഏകദിനം തിരുവനന്തപുരത്ത് തന്നെ നടത്തണമെന്ന് ശശി തരൂര്‍ എംപിയും ആവശ്യപ്പെട്ടു.

ഫിഫ അംഗീകാരമുള്ള ആറു സ്റ്റേഡിയങ്ങളില്‍ ഒന്നാണ് കൊച്ചി. ഏറെ പണം മുടക്കിയും കഷ്ടപ്പെട്ടുമാണ് മനോഹരമായ ടര്‍ഫ് ഒരുക്കിയത്. ക്രിക്കറ്റ് മല്‍സരത്തിനുശേഷം മൈതാനം പഴയപടി ആക്കുമോയെന്നു വിനീത് ചോദിച്ചു. വിവിധയിനം കായിക ഇനങ്ങള്‍ ഒരുമിച്ചാണ് വളരേണ്ടത്. ഒന്നിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി മറ്റൊന്നിനെ നശിപ്പിക്കരുതെന്നും വീനിത് പറഞ്ഞു.

തിരുവനന്തപുരത്ത് സ്റ്റേഡിയമുള്ളപ്പോള്‍ കൊച്ചി എന്തിന് വേദിയാക്കണമെന്ന് ഇയാന്‍ ഹ്യൂം ചോദിച്ചു. ഒരു ക്രിക്കറ്റ് മല്‍സരത്തിന് വേണ്ടി നല്ലൊരു ഫുട്‌ബോള്‍ ടര്‍ഫ് നശിപ്പിക്കണമോ എന്നും ഇയാന്‍ ഹ്യൂം ചോദിക്കുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ ഫുട്‌ബോളിനായി വിട്ടുനല്‍കുമോയെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഹ്യൂം പരിഹസിച്ചു.

മല്‍സരം കൊച്ചിയില്‍ നടത്തുന്നതിനെതിരെ എഴുത്തുകാരന്‍ എന്‍.എസ്.മാധവനാണ് ആദ്യം രംഗത്തെത്തിയത്. അതേസമയം കൊച്ചിയില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മല്‍സരം നടത്തുന്നതില്‍ ആശങ്ക പങ്കുവച്ച് കേരള ഫുട്‌ബോള്‍ അസോസിയേഷനും രംഗത്ത് വന്നു.

വേദി തീരുമാനിക്കുന്ന കാര്യത്തില്‍ കൂടുതല്‍ കൂടിയാലോചന വേണമെന്ന് കെഎഫ്എ പ്രസിഡന്റ് കെഎംഐ മേത്തര്‍ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ വളരെ വൈകും. വിന്‍ഡീസ് ഏകദിനത്തിനുശേഷം മൈതാനം സജ്ജമാക്കാന്‍ ഒരുമാസമെടുക്കും.

ഐഎസ്എല്‍ സംഘാടകരുമായും വിഷയം ചര്‍ച്ചചെയ്യണമെന്ന് മേത്തര്‍ കൊച്ചിയില്‍ പറഞ്ഞു. ആദ്യം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ച മല്‍സരം കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.