മോദി സര്‍ക്കാരിനെതിരെ പാളയത്തില്‍ പട; തിരുത്തല്‍ വേണമെന്ന് രാംവിലാസ് പാസ്വാന്‍: മൂന്നാം മുന്നണി നീക്കവുമായി റാവു

single-img
19 March 2018

 

പട്‌ന: യുപി ഉപതിരഞ്ഞെടുപ്പ് ഫലം ഒരു മുന്നറിയിപ്പാണെന്ന് ബിജെപി ഓര്‍ക്കണമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍. തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിടുകയും കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതിന് പിന്നാലെയാണ് തിരുത്തല്‍ വേണമെന്ന നിര്‍ദേശവുമായി പാസ്വാനും രംഗത്തെത്തിയത്.

എന്‍ഡിഎ നേതാക്കള്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ പാസ്വാന്‍ ആവശ്യപ്പെട്ടു. ബിഹാറിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ അത്ഭുതമൊന്നുമില്ല. സിറ്റിങ് സീറ്റുകള്‍ അതാത് പാര്‍ട്ടികള്‍ തന്നെ നിലനിര്‍ത്തി.

എന്നാല്‍ അയല്‍സംസ്ഥാനമായ യുപിയിലെ ഫലം ഞെട്ടിച്ചു. ജനപ്രിയ സര്‍ക്കാര്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിച്ചിട്ടും അവിടെ രണ്ട് ലോക്‌സഭാ സീറ്റുകളും നഷ്ടപ്പെട്ടു. ന്യൂനപക്ഷങ്ങളുടെയും ദളിതരുടേയും കാര്യത്തില്‍ ബിജെപി അവരുടെ പൊതുധാരണ മാറ്റണം.

മതേതര നേതാക്കള്‍ ബിജെപിയിലില്ല, സുശീല്‍ മോദി, രാംകൃപാല്‍ യാദവ് തുടങ്ങിയവരുണ്ട്. എന്നാല്‍ സംഭവിക്കുന്നത് ഇവരുടെ വാക്കുകള്‍ തമസ്‌കരിക്കപ്പെടുകയും മറ്റ് ചിലരുടെ വാക്കുകള്‍ പ്രാധാന്യം നേടുകയും ചെയ്യുന്നു. ബിഹാറിലെ ബിജെപി നേതാക്കളായ നിത്യാനന്ദ റായ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് തുടങ്ങിയവര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ ഉദ്ദേശിച്ചായിരുന്നു പാസ്വാന്റെ ഈ പരാമര്‍ശം.

അതിനിടെ നാലു വര്‍ഷം ക്ഷമയോടെ കാത്തിരുന്നിട്ടും ആന്ധ്രാപ്രദേശിന് നീതി ലഭിച്ചില്ലെന്ന് ടി.ഡി.പി നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. മുസ്‌ലിംകളുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് സംസ്ഥാനത്തിന്റെ വികസനത്തിനായി ബി.ജെ.പിയുമായി കൂട്ടുകൂടാന്‍ തീരുമാനിച്ചത്.

അവസാന ബജറ്റിലും നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് സഖ്യം ഉപേക്ഷിച്ചത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാനായുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും ചന്ദ്രബാബുനായിഡു പറഞ്ഞു. വിശാഖപട്ടണത്ത് ചേര്‍ന്ന ടി.ഡി.പിയുടെ ന്യൂനപക്ഷവിഭാഗത്തിന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.

ഇതിനിടെ ദേശീയതലത്തില്‍ മൂന്നാം മുന്നണി രൂപീകരണചര്‍ച്ചകള്‍ സജീവമാക്കി ടി.ആര്‍.എസ് നേതാവ് കെ.ചന്ദ്രശേഖരറാവു രംഗത്തെത്തി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇന്ന് വൈകീട്ട് കൊല്‍ക്കത്തയിലെ മമതാബാനര്‍ജിയുടെ വസതിയിലാണ് കൂടിക്കാഴ്ച.

കേന്ദ്രത്തില്‍ ബി.ജെ.പി, കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ വരണമെന്നാണ് ടി.ആര്‍.എസിന്റെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാവരെയും കൂടെകൂട്ടി ബി.ജെ.പിക്കെതിരെ വിശാലമുന്നണിയെന്ന കാഴ്ചപ്പാടാണ് മമതാബാനര്‍ജിയുടെത്.