ദേശീയപാതയില്‍ ക്യാമറ കണ്ട് വേഗം കുറച്ചാലും കുടുങ്ങും

single-img
19 March 2018

തിരുവനന്തപുരം: ദേശീയപാതയില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുകയും ക്യാമറയ്ക്ക് അരികിലെത്തുമ്പോള്‍ വേഗം കുറയ്ക്കുകയും ചെയ്യുന്ന വിദ്യ ഇനി ചെലവാകില്ല. വേഗം കുറച്ചാലും രണ്ടു ക്യാമറ പോയിന്റുകള്‍ക്കിടയിലെ ദൂരം താണ്ടാനെടുക്കുന്ന സമയം ഉപയോഗിച്ച് വേഗം കണക്കാക്കി അതിവേഗത്തിനു പിഴയിടും.

ആദ്യഘട്ടമായി വാളയാര്‍ വടക്കഞ്ചേരി ഭാഗത്ത് ഇത് നടപ്പിലാക്കും. ദേശീയപാത 544ല്‍ 54 കിലോമീറ്റര്‍ ഭാഗത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. 37 കാമറകളാണ് ഈ ദൂരത്തില്‍ സ്ഥാപിക്കുക. ഏകദേശം രണ്ടു കിലോമീറ്റര്‍ ഇടവിട്ടാണ് സ്ഥാപിക്കുക.

കെല്‍ട്രോണിനാണ് ചുമതല. 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഇവിടെ കാമറകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ മണിക്കൂറില്‍ 90 കിലോമീറ്ററാകും വേഗപരിധി. അപകടശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍, കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ എന്നിവ കണ്ടെത്താനും കാമറകള്‍ സഹായിക്കും.

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് കാമറയില്‍ പതിയുന്നതോടെ, അന്വേഷണത്തിലുള്ള വാഹനമാണെങ്കില്‍ ഇതു സംബന്ധിച്ച സന്ദേശം പൊലീസിന് നല്‍കാന്‍ സംവിധാനമുണ്ടാകും. പൊലീസ് അന്വേഷണത്തിലുള്ള നമ്പറുകള്‍, കണ്‍ട്രോള്‍ റൂമിലെ സെര്‍വറില്‍ മുന്‍കൂട്ടി രേഖപ്പെടുത്തേണ്ടതുണ്ട്.