ചൈന: നായക്കുട്ടിയെന്ന് കരുതി യുവാവ് വളര്‍ത്തിയത് കരടിയെ. ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന യാങ്ങാണ് നായക്കുട്ടിയെന്ന് കരുതി കരടി കുഞ്ഞിനെ വീട്ടില്‍ വളര്‍ത്തിയത്. 2015 ഏപ്രിലിലാണ് വഴിയില്‍ നിന്ന് യാങ്ങിന് കരടികുഞ്ഞിനെ ലഭിച്ചത്.
അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്ന കരടിയെ കണ്ടപ്പോള്‍ യാങ് കരുതിയത് നായയാണെന്നായിരുന്നു. അലിവ് തോന്നി വീട്ടിലേക്കെടുത്ത് കൊണ്ട് പോരുകയും അതിന് ഹാന്‍ ഹാന്‍ എന്ന് പേര് നല്കി വളര്‍ത്താന്‍ ആരംഭിക്കുകയും ചെയ്തു. ആറ് മാസത്തിന് ശേഷം യാങ്ങിന്റെ പിതാവാണ് ഇത് നായയല്ലെന്നും മറ്റേതോ മൃഗമാണെന്നും സംശയം പ്രകടിപ്പിച്ചത്.
കരടിയുടേതിന് സമാനമായ ചലനങ്ങളും ലക്ഷണങ്ങളും ഹാന്‍ ഹാന്‍ കാണിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ താന്‍ ഓമനിച്ച് വളര്‍ത്തുന്ന ഹാന്‍ ഹാന്‍ കരടിയാണെന്ന് യാങ്ങ് വിശ്വസിച്ചില്ല. 2017 പകുതിയോടു കൂടിയാണ് താന്‍ വളര്‍ത്തുന്നത് അപകടകാരിയായേക്കാവുന്ന കരടിയെയാണെന്ന് യാങ്ങ് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് ഹാനിന്റെ താമസം ഇരുമ്പ് കൂട്ടിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഫോറസ്റ്റ് പൊലീസ് അന്വേഷിച്ചെത്തി. ചൈനയിലെ നിയമപ്രകാരം പ്രത്യേക സംരക്ഷണം നല്‍കേണ്ട വിഭാഗത്തില്‍പ്പെടുന്ന കരടിയാണെന്ന് അവര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് യുലോങ്ങിലെ ലിജിയാങ്ങ് നഗരത്തിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് ഹാന്‍ ഹാനിനെ മാറ്റിപ്പാര്‍പ്പിച്ചു.
നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് യാങ്ങ് ചെയ്തത്. എന്നാല്‍ നടപടിയില്‍ ദുരദ്ദേശമില്ലാത്തതിനാല് യാങ്ങിനെതിരെ പൊലീസ് കേസോ, പിഴയോ ചുമത്തിയിട്ടില്ല.