ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു

single-img
18 March 2018

കൊളംബോ: വര്‍ഗീയ ലഹളയെ തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ നീക്കിയതായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. ശ്രീലങ്കയിലെ കാണ്ഡിയില്‍ ബുദ്ധമത വിഭാഗവും ഇസ്ലാം സമുദായവും തമ്മിലുണ്ടായ സാമുദായിക ലഹള വര്‍ഗീയ കലാപത്തിലേക്ക് മാറിയതിനെ തുടര്‍ന്ന് മാര്‍ച്ച് ആറിനാണ് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

സംഘര്‍ഷത്തിനുശേഷം രണ്ടാഴ്ച പിന്നിടുമ്പോള്‍ പലമേഖലകളിലും സമാധാനം പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ ഔദ്യോഗികമായി പിന്‍വലിക്കുന്നത്. കലാപത്തെ തുടര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെടുകയും നൂറു കണക്കിന് വസ്തുവകകള്‍ തകര്‍പ്പെടുകയും ചെയ്തിരുന്നു. 20 ഓളം മുസ്ലീം ദേവാലയങ്ങള്‍ക്കു നേരെയും ആക്രമണം ഉണ്ടായിരുന്നു.

രാജ്യത്തെ ചില മുസ്ലീം നേതാക്കള്‍ ബുദ്ധവിഭാഗത്തില്‍ പെട്ട ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ചില വര്‍ഷങ്ങളായി ഇരുവിഭാഗങ്ങള്‍ക്കിടയിലും അസ്വാരസ്യം നിലനിന്നിരുന്നു. എന്നാല്‍, ഈ മാസം ആദ്യമാണ് അത് കലാപത്തിലേക്ക് നീങ്ങിയത്.

2011നുശേഷം ആദ്യമായാണു ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. എല്‍ടിടിഇയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ആഭ്യന്തരയുദ്ധകാലത്തു നിരവധി തവണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നിട്ടുണ്ട്.