World

എവറസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നത് 100 ടണ്‍ മാലിന്യം

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടിയില്‍ നിന്ന് 100 ടണ്‍ മാലിന്യം നീക്കം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ക്യാംപെയ്ന്‍ ആരംഭിച്ചു. പര്‍വതാരോഹകരും വിനോദ സഞ്ചാരികളും ഉപേക്ഷിക്കുന്ന മാലിന്യങ്ങളാണ് ഇത്തരത്തില്‍ എവറസ്റ്റ് കൊടുമുടിയില്‍ കുന്നുകൂടിയത്.

ആദ്യം ദിവസം 1200 കിലോയോളം മാലിന്യങ്ങള്‍ നീക്കം ചെയ്തു. ബിയര്‍ ബോട്ടിലുകള്‍, ഓക്‌സിജന്‍ കാനുകള്‍, ഭക്ഷണടിന്നുകള്‍ അടക്കമുള്ളവയാണ് വ്യാപകമായി ഉപേക്ഷിക്കപ്പെടുന്നത്. വിമാനമാര്‍ഗം ഇവ തലസ്ഥാന നഗരിയിലെത്തിക്കാനും തുടര്‍ന്ന് പുനരുപയോഗിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സഞ്ചാരികള്‍ക്കും പര്‍വതാരോഹര്‍ക്കും കൊണ്ടു പോകുന്ന സാധനങ്ങള്‍ തിരികെ കൊണ്ടുവരണമെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് എവറസ്റ്റില്‍ ടണ്‍കണക്കിന് മാലിന്യങ്ങള്‍ കുന്നുകൂടിയത്. സ്വകാര്യ കമ്പനിയായ യേറ്റി എയര്‍ലൈന്‍സാണ് മാലിന്യങ്ങള്‍ രാജ്യതലസ്ഥാനത്തെത്തിക്കുക.

ഷേര്‍പാസ് എന്നറിയപ്പെടുന്ന ലോക്കല്‍ ഗൈഡുകളായിരുന്നു വര്‍ഷങ്ങളായി ക്ലീനിംഗ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ സാഗര്‍മാത പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിററിയാകും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.

എന്നിരുന്നാലും ഉയരത്തിലുള്ള മാലിന്യങ്ങള്‍ ഷേര്‍പാസ് തന്നെയായിരിക്കും ശേഖരിക്കുക. പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയുടെ കണക്ക്പ്രകാരം ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞ വര്‍ഷം എവറസ്റ്റ് സന്ദര്‍ശിച്ചത്. ഇതില്‍ തന്നെ നാല്‍പ്പതിനായിരത്തോളം പേര്‍ ട്രക്കര്‍മാരും പര്‍വ്വതാരോഹകരുമാണ്.