video, Videos

മുട്ട ഛര്‍ദ്ദിക്കുന്ന മൂര്‍ഖന്‍; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം


ചിക്കമംഗലൂര്‍: പാമ്പ് ഇരയെ വിഴുങ്ങുന്നത് കണ്ടിട്ടുണ്ടാകാം. എന്നാല്‍ പാമ്പ് മുട്ട ഛര്‍ദ്ദിക്കുന്നത് കണ്ടിട്ടുണ്ടോ? സംഭവം കര്‍ണാടകയിലെ ചിക്കമംഗലൂരുവിലാണ് നടന്നത്. ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ചിക്കമംഗലൂരിലുള്ള ഒരു വീട്ടിലെ അടുക്കളയിലാണ് മൂര്‍ഖനെ ആദ്യം കണ്ടെത്തുന്നത്. പാമ്പ് ഇഴയുന്നത് കണ്ട് പേടിച്ച വീട്ടുകാര്‍ വടി എടുത്തപ്പോള്‍ ഉടനെ പാമ്പ് വീട്ടുമുറ്റത്തെ കലുങ്കിന് അടിയില്‍ ഒളിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ വീട്ടുകാര്‍ പാമ്പ് പിടിത്തക്കാരനെ വിളിച്ചുവരുത്തി. ഇയാളെത്തി മൂര്‍ഖനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പാമ്പ് പത്തി ഉയര്‍ത്തി മുന്നോട്ട് വന്നു.

തങ്ങള്‍ക്ക് നേരെ വന്ന പാമ്പിനെ കണ്ട് വീട്ടുകാരും പാമ്പുപിടിത്തക്കാരനും ആദ്യമൊന്ന് ഭയന്നെങ്കിലും പിന്നീട് ഞെട്ടിക്കുന്ന സംഭവമാണ് അവിടെയുണ്ടായത്. മൂര്‍ഖന്‍ വായ തുറന്ന് പിടിച്ച് പിടയാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ മൂന്ന് മുട്ടകള്‍ ഓരോന്നായി പാമ്പിന്റെ വായില്‍ നിന്നും പുറത്തേക്ക് വന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പാമ്പിനെ പാമ്പുപിടിത്തക്കാരന്‍ കൂടയിലാക്കി വനത്തിലേക്ക് തുറന്നുവിട്ടു.

പാമ്പുകള്‍ സാധാരണയായി വിഷമഘട്ടങ്ങളിലോ ഭീഷണി നേരിടുമ്പോഴോ കഴിച്ച ഭക്ഷണം പുറത്തേക്ക് കളയാറുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏതായാലും മൂര്‍ഖന്‍ എങ്ങനെയാണ് മുട്ട വായിലാക്കിയതെന്ന കാര്യത്തില്‍ ഉത്തരമില്ല. പക്ഷേ മുട്ട ഛര്‍ദ്ദിക്കുന്ന പാമ്പിന്റെ വീഡിയോ ശരിക്കും ഞെട്ടിപ്പിക്കുന്നത് തന്നെയാണ്.