ഐ.എസ്.എല്‍ കിരീടത്തില്‍ വീണ്ടും ‘മറീന മച്ചാന്‍സ്’ മുത്തം

single-img
17 March 2018


ബംഗളൂരു: സീസണിലുടനീളം കാത്തുസൂക്ഷിച്ച തകര്‍പ്പന്‍ ഫോമിനും സ്വന്തം തട്ടകത്തില്‍ ആര്‍ത്തുവിളിച്ച ആരാധകര്‍ക്കും ബംഗളൂരു എഫ്.സിയെ ചാമ്പ്യന്‍പട്ടത്തിലേക്ക് നയിക്കാനായില്ല. ചരിത്രമെഴുതിയ പ്രകടനവുമായി വഴിമുടക്കിയ ചെന്നൈയിന്‍ എഫ്.സി, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ കിരീടമുയര്‍ത്തി. ബംഗളൂരുവിലെ ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 3-2 സ്കോറിനാണ് ചെന്നൈയിന്‍ ബംഗളൂരു എഫ്.സിയെ വീഴ്ത്തിയത്. ഐ.എസ്.എല്ലില്‍ രണ്ടാം കിരീടമാണ് ചൈന്നൈയിന് സ്വന്തമായത്.

ഫൈനലിന് വേണ്ട എല്ലാ ചേരുവകളും ചേര്‍ന്ന മത്സരത്തില്‍ പ്രതിരോധനിരക്കാരന്‍ മെയ്ല്‍സണ്‍ ആല്‍വെസ് ഇരട്ട ഗോളുകളുമായാണ് ചെന്നൈയിന്‍െറ ജയത്തിന് കോപ്പുകൂട്ടിയത്. ആദ്യ പകുതിയുടെ 17, 45 മിനിറ്റുകളിലായിരുന്നു ആല്‍വെസ് ബംഗളൂരുവിന്‍െറ ഹൃദയം മുറിച്ച ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയില്‍ 67ാം മിനിറ്റില്‍ റാഫേല്‍ അഗസ്റ്റോ കൂടി വലകുലുക്കിയതോടെ ചെന്നൈയിന്‍െറ വിജയം ഉറപ്പായി.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹെഡറിലൂടെ ഒമ്പതാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയ ബംഗളൂരു പെരുമക്കൊത്ത പ്രകടനമാണ് തുടക്കം മുതല്‍ കാഴ്ചവച്ചത്. എന്നാല്‍, തങ്ങളുടേതായ നിമിഷങ്ങളില്‍ അവസരം മുതലാക്കുക എന്ന നിലപാടിലാണ് ചെന്നൈയില്‍ തുടങ്ങിയത്.

17ാം മിനിറ്റില്‍ ഗ്രിഗറി നെല്‍സണ്‍ എടുത്ത കോര്‍ണര്‍ കിക്കാണ് ആല്‍വെസിന്‍െറ സമനില ഗോളിന് വഴിയൊരുക്കിയത്. ആദ്യ ഗോളിന് സമാനമായിരുന്നു 45ാം മിനിറ്റില്‍ നെല്‍സണ്‍-ആല്‍വെസ് കൂട്ടുകെട്ടിന്‍െറ സെറ്റ്പീസ്-ഹെഡര്‍ ഗോള്‍. ആക്രമണത്തില്‍ പുലര്‍ത്തിയ കൃത്യതക്കൊപ്പം പ്രതിരോധത്തിലെ സൂക്ഷ്മത കൂടിചേര്‍ന്നതോടെയാണ് ചെന്നൈയിന് വിജയം വിരുന്നെത്തിയത്. ജെജെയില്‍ നിന്ന് കിട്ടിയ പന്ത് തകര്‍പ്പന്‍ ടൈമിങ്ങിന്‍െറ മികവില്‍ റാഫേല്‍ അഗസ്റ്റോ വലയിലെത്തിച്ചതോടെ ചെന്നൈയിന്‍ കിരീടത്തിലെ പിടി വീണ്ടും മുറുക്കി.

ഭൂരിപക്ഷം വരുന്ന ബംഗളൂരു ആരാധകരെ ഞെട്ടിച്ച് 86ാം മിനിറ്റില്‍ സുനില്‍ ഛേത്രിക്ക് തന്നെ പിഴച്ചു. മികുവില്‍ നിന്ന് കിട്ടിയ പാസ് ഒരു തട്ടില്‍ വലയിലാക്കാനുള്ള അവസരം സ്റ്റാന്‍ഡിലേക്ക് പറഞ്ഞു പോകുന്നത് കാണാനായിരുന്നു വിധി. ഒടുവില്‍ ഉദാന്തയുടെ ക്രോസില്‍ മികു ചെന്നൈയില്‍ വലകുലുക്കുമ്പോഴേക്കും കളിതീരാന്‍ രണ്ട് മിനിറ്റുകള്‍ മാത്രമാണ് അവശേഷിച്ചത്. ആശ്വാസം എന്നല്ലാതെ കിരീടലക്ഷ്യത്തില്‍ ചെന്നൈയിന് ഭീഷണിയാകാന്‍ ബംഗളൂരുവിന് കഴിഞ്ഞില്ല.