ഭാര്യയെ പീഡിപ്പിച്ച ആള്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാതിരിക്കാന്‍ ജോസ് കെ. മാണിക്ക് നാണമില്ലേയെന്ന് പി.സി. ജോര്‍ജ്; നിഷ ജോസിനെതിരെ പാര്‍വതി ഷോണും

single-img
16 March 2018


തിരുവനന്തപുരം: തന്നെ ട്രെയിനില്‍ വച്ച് ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് വെളിപ്പെടുത്തല്‍ നടത്തിയ നിഷ ജോസിനെതിരെയും ഭര്‍ത്താവ് ജോസ് കെ. മാണിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജ് എം.എല്‍.എ. തന്നെ ആക്രമിച്ച ആളുടെ പേര് നിഷ പറഞ്ഞില്ലെങ്കിലും നല്‍കിയ സൂചനകള്‍ വച്ച് പി.സി ജോര്‍ജിന്‍െറ മകന്‍ ഷോണ്‍ ജോര്‍ജിനെയാണ് ഉദ്ദേശിച്ചതെന്ന് അഭ്യൂഹമുണ്ടായിരുന്നു.

തന്‍െറ ഭര്‍ത്താവിനും പിതാവിനും ഒപ്പം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണെന്നും അയാളുടെ ഭാര്യാപിതാവിന് അപകടം പറ്റിയതറിഞ്ഞ് പോകുന്ന വഴിയിലാണ് തന്നെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് ‘‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’’എന്ന പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തിലാണ് നിഷ ജോസ് വ്യക്തമാക്കിയത്.

തന്നെ പീഡിപ്പിച്ചത് ആരാണെന്ന് നിഷയ്ക്ക് അറിയാമെങ്കില്‍ എന്തുകൊണ്ടാണ് അയാള്‍ക്കെതിരെ ജോസ് കെ. മാണി ഒരു വിരല്‍ പോലും അനക്കാത്തതെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു. ഇപ്പോഴും വായടക്കിയിരിക്കുന്ന ജോസ് കെ.മാണിക്ക് നാണമില്ലേ എന്നും ചോദിച്ചു. എട്ടു വര്‍ഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് ഇപ്പോള്‍ പരാമര്‍ശം നടത്താന്‍ എം.പിയുടെ ഭാര്യയായ നിഷ ജോസിന് നാണമില്ലേ എന്നും ജോര്‍ജ് കുറ്റപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിക്കുന്ന ഷോണിനെ വെട്ടാന്‍ തന്തയും മക്കളും തയ്യാറാക്കിയ തിരക്കഥയാണ് അരങ്ങേറുന്നതെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.

തന്‍െറ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആര് പീഡിപ്പിച്ചു എന്ന് പറയയേണ്ടി വരുമെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഷോണ്‍ ജോര്‍ജിന്‍െറ ഭാര്യ പാര്‍വതി ഷോണ്‍ ചോദിച്ചത്. ‘‘ഷാരൂഖാന്‍ തോണ്ടി എന്ന് പറഞ്ഞാലോ.. അല്ലേല്‍ വേണ്ട ടോം ക്രൂയിസ് കയറി പിടിച്ചുവെന്ന് പറയാം…എന്നാലേ മാര്‍ക്കറ്റിങ് പൊലിക്കുള്ളു.’’പാര്‍വതി എഴുതി.