കുപ്പിവെള്ളം കുടിക്കുന്നവരെ കാത്തിരിക്കുന്നത് മാരകരോഗങ്ങള്‍

single-img
16 March 2018

മിയാമി: ലോകത്തെ ഏറ്റവും പ്രശസ്തമായ കുപ്പിവെള്ള കമ്പനികളുടെ വെള്ളകുപ്പികളില്‍ ആരോഗ്യത്തിന് ദോഷകരമായ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍. ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഷെറി മാസണിന്റെ നേതൃത്വത്തിലാണ് കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ച് പഠനം നടത്തിയത്.

ഇതിന്റെ ഭാഗമായി ഇന്ത്യ, ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, യുഎസ് തുടങ്ങി ഒമ്പത് രാജ്യങ്ങളില്‍ നിന്നും 250 കുപ്പി വെള്ളം ശേഖരിച്ചു. ഇതില്‍ 93 ശതമാനം സാമ്പിളുകളിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്നാണ് പഠന റിപ്പോര്‍ട്ട്. കണ്ടെത്തിയതില്‍ അധികവും പ്ലാസ്റ്റിക് തരികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില കുപ്പികളില്‍ നിന്നും ആയിരത്തില്‍ അധികം തരികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ഓട്ടിസം, കാന്‍സര്‍, പുരുഷന്‍മാരിലെ വന്ധ്യത തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുപ്പികളില്‍ വെള്ളം നിറച്ചതിന് ശേഷമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കലരുന്നത്.

കുപ്പികള്‍ സീല്‍ ചെയ്യുന്നതിലെ അപാകതയാണ് ഇതിന് കാരണമെന്നും വിലയിരുത്തുന്നു. അക്വാ, അക്വാഫിന, ഡസാനി, എവിയാന്‍, നെസ്ലെ പ്യൂര്‍ ലൈഫ്, ബിസ് ലേരി, എപുറ, ജെറോള്‍സ്റ്റെയ്‌നര്‍, മിനല്‍ബ, വഹാഹ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

പ്ലാസ്റ്റിക് മൂടികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ വകഭേദമായ പോളി പ്രൊപ്പലിന്‍, നൈലോണ്‍, പോളി എത്തിലിന്‍ ട്രെപ്താലെറ്റ് എന്നിവയാണ് വെള്ളത്തില്‍ കലര്‍ന്നത്. ലഭിച്ചവയില്‍ 65%വും പ്ലാസ്റ്റിക് ശകലങ്ങളാണ് പകരം പ്ലാസ്റ്റിക് നാരുകളല്ലെന്നും പഠനത്തില്‍ വ്യക്തമാവുന്നു.