പൂട്ടിയ ത്രീസ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാനുള്ള വഴിയുമായി സംസ്ഥാന സര്‍ക്കാര്‍

single-img
16 March 2018


തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിപ്പോയ ത്രീസ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും ഉടന്‍ തുറക്കാന്‍ വഴിതെളിഞ്ഞു. സുപ്രീംകോടതിയുടെ പുതിയ വിധിയുടെ ചുവടുപിടിച്ച് ഇതിനായി കേരള സര്‍ക്കാര്‍ ഉത്തരവിറക്കി.

നഗര സ്വഭാവമുള്ള പഞ്ചായത്തുകളില്‍ ഇളവ് നല്‍കാമെന്ന സുപ്രീം കോടതി വിധി വന്നതോടെ പാതയോര ദൂരപരിധി നിയന്ത്രണം ഇല്ലാതായതാണ് ബാറുകള്‍ തുറക്കുന്നതിലേക്ക് നയിക്കുന്നത്. നിലവിലുള്ള പഞ്ചായത്ത്-സെന്‍സസ് രേഖകള്‍ അനുസരിച്ച് പതിനായിരത്തിന് മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളവയായി കണക്കാക്കും എന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ വ്യക്തമാക്കിയത്.

ഇതുകൂടാതെ, വിനോദ സഞ്ചാരമേഖലകളായി നികുതി വകുപ്പോ വിനോദ സഞ്ചാര വകുപ്പോ നിര്‍ണയിച്ച് പ്രഖ്യാപിച്ച സ്ഥലങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കാര്യത്തില്‍ നഗരങ്ങള്‍ക്ക് സമാനമായ സ്വഭാവ വിശേഷണങ്ങള്‍ ഉള്ള മേഖലകളായി കണക്കാക്കും.

ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ നഗരസ്വഭാവമുള്ള പഞ്ചായത്തുകളില്‍ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതി വിധിച്ചത്.